പാലാ തെരഞ്ഞെടുപ്പ് കേസിൽ മാണി സി കാപ്പന് തിരിച്ചടി; ഹൈക്കോടതിയിൽ വിചാരണ തുടരുമെന്ന് സുപ്രീംകോടതി

news image
Apr 17, 2023, 3:48 pm GMT+0000 payyolionline.in

ദില്ലി: പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയിൽ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി.

ഹൈക്കോടതിയിലെ ഹർജിയിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയതിന് എതിരായിട്ടാണ് മാണി സി കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. പാലാ സ്വദേശി സി വി ജോൺ ഫയൽ ചെയ്‌ത തെരഞ്ഞെടുപ്പ്‌ ഹർജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേരളാ ഹൈക്കോടതി 2022 ആഗസ്റ്റിൽ അനുമതി നൽകിയിരുന്നു. മാണി സി കാപ്പൻ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ ഹർജിക്കാരൻ ഉന്നയിച്ചത്‌.

ഈ ഹർജിയിൽ ഭേദഗതി വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന കാപ്പൻ സുപ്രീംകോടതിയിൽ എത്തിയത്. പൊതുവായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിട്ടുള്ളതെന്നും കേസിലെ നടപടികൾ ഏത്‌ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ഹർജിയിൽ വ്യക്തത ഇല്ലെന്നും മാണി സി കാപ്പന്‍റെ അഭിഭാഷകൻ റോയ് ഏബ്രഹാം ചൂണ്ടിക്കാണിച്ചു.

എന്നാൽ, മാണി സി കാപ്പന്‍റെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എന്നാൽ ഹർജി തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി എംഎൽഎയായ മാണി സി കാപ്പന്‍റെ ഹർജി തള്ളിയതോടെ കേരള ഹൈക്കോടതിയിലുള്ള തെരെഞ്ഞെടുപ്പ് കേസിന്‍റെ വിചാരണയടക്കം മറ്റു നടപടികൾ തുടരാനാകും. കേസിലെ പരാതിക്കാരനായ സി വി ജോണിന് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യൂസും ഹാജരായി.

ഇടതുതരംഗം ആഞ്ഞ് വീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പിണറായി രണ്ടാം സർക്കാർ രൂപീകരിക്കുമ്പോൾ, മന്ത്രി സ്ഥാനം ഉറപ്പിച്ച  ജോസ് കെ മാണിയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടായിരുന്നു കാപ്പന്റെ വിജയം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe