കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് ഈ മാസം 21ന് കല്ലുത്താൻകടവിലേക്ക് മാറ്റാനിരിക്കെ മുറികൾ ഏറ്റെടുക്കുന്നതിന് തീയതി നീട്ടിനൽകണമെന്ന ആവശ്യവുമായി വ്യാപാരികൾ. മാർക്കറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെ. മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് വ്യാപാരികൾ ഇക്കാര്യമുന്നയിച്ചത്.
വ്യാപാരികളുടെ ആവശ്യങ്ങളിൽ സാധ്യമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. പാളയത്തെ കോർപറേഷൻ ലൈസൻസികൾക്ക് ഒരു വർഷത്തെ വാടക ഇളവ്, രണ്ടു വർഷം വാടക വർധന ഒഴിവാക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ നേരത്തെ നൽകിയിരുന്നു. അനുവദിച്ച റൂമുകൾ സൗകര്യമില്ലെന്നതടക്കമുള്ള പരാതികൾ പരിശോധിക്കുന്നതിന് കോർപറേഷൻ അധികൃതർ വെള്ളിയാഴ്ച കല്ലുത്താൻകടവ് മാർക്കറ്റ് സന്ദർശിക്കുമെന്നും മേയർ അറിയിച്ചു.
പാളയം വെജിറ്റബിൾ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, പ്രസിഡന്റ് നാസർ കരിമാടം, ഫ്രൂട്സ് അസോസിയേഷൻ പ്രസിഡന്റ് കെ. അബ്ദുൽ റഷീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് മണ്ഡലം പ്രസിഡന്റ് സുഷൻ പൊറ്റെക്കാട് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പാളയം പച്ചക്കറി മാർക്കറ്റിനൊപ്പം അനുബന്ധ മേഖലകളും മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഫ്രൂട്സ് കച്ചവടം, ഉന്തുവണ്ടി കടകൾ, തട്ടുകടകൾ എന്നിവയെല്ലാം മാറ്റിയാൽ സഹകരിക്കാമെന്ന നിലപാടാണ് വ്യാപാരികൾക്ക്. ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമറിയിക്കാമെന്ന് മേയർ പറഞ്ഞു. 21ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കല്ലുത്താൻകടവിലെ മാർക്കറ്റ് ഉദ്ഘാടനം നിർവഹിക്കുന്നത്