കോഴിക്കോട്: സാധനങ്ങൾ ഇല്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജർക്ക് സസ്പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ലെന്ന് പരസ്യപ്പെടുത്തിയ മാനേജർ കെ.നിതിനെയാണ് സസ്പെൻഡ് ചെയ്തത്.
സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ഇയാൾ ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
അതേസമയം, പൂപ്പൽ പിടിച്ച സാധനങ്ങളാണ് ഔട്ട്ലെറ്റിലുണ്ടായിരുന്നത്. കണ്ടെത്തിയ സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് സപ്ലൈകോ മാനേജറുടെ വിശദീകരണം. കഴിഞ്ഞ ദിവസം സപ്ലൈകോയിലെ സാധനങ്ങളുടെ ക്ഷാമം നിയമസഭയിലും ചർച്ചയായിരുന്നു. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാഗ്വാദവുമുണ്ടായിരുന്നു.