കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടിലെ പാസഞ്ചർ ട്രെയിനുകളുടെ സമയമാറ്റം യാത്രക്കാരെ ദുരിതത്തിലാക്കിയെന്നും പ്രയാസങ്ങള്‍ പരിഹരിക്കാന്‍ റെയിൽവേ ഉടൻ നടപടി സ്വീകരിക്കണമെന്നും മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് കെ. രഘുനാഥ്, സെക്രട്ടറി ഫിറോസ്, ട്രഷറർ പി.പി. അബ്ദുൽ റഹ്മാന് എന്നിവർ അഡീഷനല്‍ ഡിവിഷനൽ റെയില്‍വേ മാനേജര്‍ സി.ടി. സക്കീര്‍ ഹുസൈന്, സീനിയര്‍ ഡിവിഷനൽ കമേഴ്സ്യല്‍ മാനേജര്‍ ഡോ. അരുൺ തോമസ് എന്നിവർക്ക് നിവേദനം നൽകി. 16608 കോയമ്പത്തൂര്‍ -കണ്ണൂര്‍ ട്രെയിന്‍ സമയം മുന്നോട്ടുമാറ്റുകയും 06455 ഷൊര്‍ണൂര്‍ -കോഴിക്കോട് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ പിന്നോട്ട് മാറ്റുകയും 6497 തൃശൂര്‍-കോഴിക്കോട് ട്രെയിന്‍ നിര്‍ത്തലാക്കുകയും ചെയ്തതിലൂടെ വൈകീട്ട് 3.50 മുതല്‍ ദീർഘമായ അഞ്ചുമണിക്കൂര്‍ കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനില്ലാത്ത അവസ്ഥയാണ്.
ഇതോടെ ദൈനംദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും ഉൾപ്പെടുന്ന സാധാരണ യാത്രക്കാര്‍ വലിയ പ്രയാസത്തിലാണ്. രാവിലെ 7.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന 06496 നമ്പര്‍ ട്രെയിന്‍ നിര്‍ത്തലാക്കിയതോടെ ഇതിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിന് യാത്രക്കാരും ബദൽ സംവിധാനമില്ലാതെ പ്രയാസപ്പെടുകയാണ്. ദൈനംദിന യാത്രക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ നിവേദനത്തിൽ ആവശ്യപ്പെട്ടു.