പാർക്കിങ് പ്ലാസകൾ കടലാസിലൊതുങ്ങുന്നു; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

news image
May 12, 2026, 3:46 am GMT+0000 payyolionline.in

കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട പാർക്കിങ് പ്ലാസകൾ വർഷങ്ങൾ പിന്നിട്ടിട്ടും യാഥാർഥ്യമാകാതെ നീളുന്നു. കിഡ്‌സൺ കോർണർ, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, സ്റ്റേഡിയം, ബീച്ച് എന്നിവിടങ്ങളിൽ വിഭാവനം ചെയ്ത പദ്ധതികളാണ് സർക്കാർ അനുമതിയും ഭരണപരമായ തടസ്സങ്ങളും കാരണം അനിശ്ചിതത്വത്തിലായിരിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റാലെങ്കിലും ഈ പദ്ധതികൾക്ക് ജീവൻ വെക്കുമോ എന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

​ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ-പാർക്കിങ് പ്ലാസയെന്ന ലക്ഷ്യത്തോടെ 17 വർഷം മുൻപ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ ആരംഭിച്ച പദ്ധതിയാണ് ഏറ്റവും പഴയത്. ഏഴ് കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി നിലവിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കിഡ്‌സൺ കോർണറിലും സ്റ്റേഡിയം പരിസരത്തുമായി 162 കോടി രൂപയുടെ ബൃഹത്തായ പദ്ധതികൾ 2020-ൽ വിഭാവനം ചെയ്തിരുന്നെങ്കിലും കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതല്ലാതെ തുടർനടപടികൾ ഉണ്ടായില്ല.

​കിഡ്‌സൺ കോർണറിൽ 320 കാറുകൾക്കും സ്റ്റേഡിയത്തിൽ 640 കാറുകൾക്കും പാർക്കിങ് സൗകര്യം ഒരുക്കാനായിരുന്നു തീരുമാനം. സർക്കാർ അനുമതി ലഭിക്കാത്തതാണ് കിഡ്‌സൺ കോർണറിലെ നിർമാണം തടസ്സപ്പെടാൻ കാരണമെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ വിശദീകരിച്ചു. ലിങ്ക് റോഡിലെ പ്ലാസയുടെ നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ടെങ്കിലും സ്റ്റേഡിയം പ്ലാസയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നഗരമധ്യത്തിൽ പാർക്കിങ് സൗകര്യമില്ലാത്തത് കച്ചവടക്കാരെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe