തിരുവനനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ അന്വേഷണങ്ങൾ എവിടെയും എത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ‘മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖയുണ്ടാക്കി അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണം. സംവരണം അട്ടിമറിച്ച് പിഎച്ച്ഡിക്ക് ഇതേ വിദ്യാര്‍ത്ഥിനിക്ക് അവസരം നല്‍കി. 2020ല്‍ കാലടി സര്‍വ്വകലാശാലയിലെ എസ് സി എസ് ടി സെല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടും, ഉന്നത ഇടപെലില്‍, റിപ്പോര്‍ട്ട് പൂഴ്ത്തി.
എസ്എഫ്ഐ നേതാക്കളുടേയും മുതിര്‍ന്ന സിപിഎം നേതാക്കളുടേയും സഹായം ഇതിന് കിട്ടിയിട്ടുണ്ട്. അതേ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായെന്ന ഫലം പുറത്തുവരുന്നു. പി എം ആര്‍ഷോ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഫീസടച്ചിരുന്നുവെന്നും രാവിലെ പറഞ്ഞ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഉച്ചക്ക് ശേഷം നിലപാട് മാറ്റി’ എസ്എഫ്ഐയുടെ ഭീഷണിയെതുടര്‍ന്നാണിതെന്നും അദ്ദേഹം ആരോപിച്ചു.
‘എത്രയോ ക്രമക്കേടുകളാണ് എസ്എഫ് ഐ നടത്തിയത്. പിഎസ് സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി.പിഎസ്സി ഉത്തരക്കടലാസ് എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആള്‍മാറാട്ടം നടത്തി പല എസ്എഫ്ഐ നേതാക്കളും സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി.പക്ഷെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം, വ്യാജ തിസിസ് സമര്‍പ്പണം. ഇതിലെല്ലാം എസ്എഫ്ഐ നേതാക്കളുണ്ട്’. പക്ഷെ ഭരണ സ്വാധീനത്തിലും പാര്‍ട്ടി സ്വാധീനത്തിലും അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി
കേരളത്തിലെ റേഷൻ ശരിയാക്കിയിട്ട് വേണം മുഖ്യമന്ത്രി അമേരിക്കയിൽ ഡിന്നർ കഴിക്കാൻ പോകാനെന്നും വിഡി സതീശന്‍ പറഞ്ഞു. അനധികൃത പണപ്പിരിവ് നടത്തിയ പരിപാടിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നത്. കുട്ടനാട്ടിലെ നെൽകർഷകരെ പൊലീസ് മർദിച്ചു.കർഷകരെ തിരിഞ്ഞു നോക്കുന്നില്ല . അവർക്ക് നൽകാൻ പണമില്ല,എന്നാല്‍ ധൂർത്തിനു പണം ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു