ഗോണ്ട: പാർട്ടി അനുവദിച്ചാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയാറാണെന്ന് ബി.ജെ.പി എം.പിയും മുൻ ഡബ്ല്യു.എഫ്.ഐ തലവനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്. പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബ്രിജ്ഭൂഷൺ.
ഹരിയാനയിലെ ജാട്ട് സമുദായത്തിൽ നിന്ന് വളരെയധികം പിന്തുണയുണ്ടെന്നും അതിനാൽ പാർട്ടി അവസരം നൽകുകയാെണങ്കിൽ ഉറപ്പായും വിജയിക്കുമെന്നും ബ്രിജ്ഭൂഷൺ അവകാശപ്പെട്ടു. ”ഹരിയാനയിൽ പോകുമ്പോൾ ആളുകൾ വന്ന് കാണാറുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ നിങ്ങളെ വിജയിപ്പിക്കാം എന്നും പറയാറുണ്ട്.”-ബ്രിജ്ഭൂഷൺ പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്നു തന്നെ ജനവിധി തേടുമെന്ന് ബ്രിജ്ഭൂഷൺ നേരത്തേയും പറഞ്ഞിരുന്നു.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ ജൂലൈയിൽ ബ്രിജ്ഭൂഷണ് ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബ്രിജ്ഭൂഷണെതിരെ ജൂൺ 13ന് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കുറ്റങ്ങൾ തെളിഞ്ഞാൽ മൂന്നുമുതൽ അഞ്ച് വർഷം വരെ തടവ്ശിക്ഷ ലഭിക്കും.