‘പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റണം’ : ചാണ്ടി ഉമ്മൻ

news image
Aug 9, 2023, 3:54 am GMT+0000 payyolionline.in

കോട്ടയം ∙ ‘‘പിതാവ് മരിച്ച് 22 ദിവസം കഴിയുന്നതേയുള്ളു. വേർപാടിന്റെ വേദന ഇതുവരെ മാഞ്ഞിട്ടില്ല. പക്ഷേ പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റണം’’– സ്ഥാനാർഥിത്വം അറിഞ്ഞപ്പോൾ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരോടു നന്ദിയുണ്ട്. എ.കെ.ആന്റണിയോടും വി.എം.സുധീരനോടും ബഹുമാനമുണ്ട്.

പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഒപ്പം രാഷ്ട്രീയ മത്സരവുമുണ്ടാകും. വികസനം എന്നതു സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതായിരിക്കണം. അക്കാര്യത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു. ഒപ്പം ഒട്ടേറെ വലിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം മണ്ഡലത്തിൽ നടപ്പിലാക്കി. ഇവയെല്ലാം യുഡിഎഫിന് അനുകൂല ഘടകങ്ങളായി മാറും. എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.

അതിനാൽ സർക്കാരിനെതിരെയുള്ള ജനവിധി കൂടിയായിരിക്കും ഇത്. ഉമ്മൻ ചാണ്ടിയുടെ ജീവിതം മുഴുവൻ കോൺഗ്രസ് പാർട്ടിക്കു വേണ്ടിയുള്ളതായിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ശബ്ദം അടഞ്ഞു തുടങ്ങിയപ്പോഴും രാഹുൽ ഗാന്ധിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചു. കോൺഗ്രസ് പാർട്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവവായു. അതിനാൽ പാർട്ടി വിശ്വസിച്ചേൽപിച്ച ദൗത്യം തന്നെക്കൊണ്ടാവും വിധം ഭംഗിയായി നിർവഹിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പരിചയപ്പെടാം സ്ഥാനാർഥിയെ

ചാണ്ടി ഉമ്മൻ

∙ജനനം: 1986 മാർച്ച് 1

∙പിതാവ്: ഉമ്മൻ ചാണ്ടി

∙മാതാവ്: മറിയാമ്മ ഉമ്മൻ

വിദ്യാഭ്യാസം: 

∙ബിഎ ഹിസ്റ്ററി (ഓണേഴേസ്) സെന്റ് സ്റ്റീഫൻസ് കോളജ്,

ഡൽഹി സർവകലാശാല

∙എൽഎൽബി ഡൽഹി സർവകലാശാല

∙എംഎ ഹിസ്റ്ററി സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി സർവകലാശാല

∙എൽഎൽഎം (ക്രിമിനോളജി): നാഷനൽ ലോ സ്കൂൾ, ഡൽഹി

∙എൽഎൽഎം (കോൺസ്റ്റിറ്റ്യൂഷനൽ ലോ): ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബെംഗളൂരു

∙സമ്മർ കോഴ്സ്: ലണ്ടൻ സ്കൂൾ‌ ഓഫ് ഇക്കണോമിക്സ് (2016-18)

പദവികൾ:

∙പ്രസിഡന്റ്– സെന്റ് സ്റ്റീഫൻസ് കോളജ്, സ്റ്റുഡന്റ്സ് യൂണിയൻ 2006–07

∙മെംബർ– ഇലക്‌ഷൻ കമ്മിറ്റി

എൻഎസ്‍യുഐ (2009–10)

∙മെംബർ– ഓർഗനൈസിങ് കമ്മിറ്റി, കോമൺവെൽത്ത് ഗെയിംസ് 2010

∙സംസ്ഥാന സെക്രട്ടറി– യൂത്ത് കോൺഗ്രസ് 2013

∙ദേശീയ ചെയർമാൻ – യൂത്ത് കോൺഗ്രസ് ഔട്‌റീച് സെൽ 2022

∙കെപിസിസി അംഗം (2022)

∙സുപ്രീം കോടതി അഭിഭാഷകൻ– 2016 മുതൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe