പാർലമെന്‍റ് ബജറ്റ് സമ്മേളനം നാളെ മുതൽ; എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

news image
Jan 30, 2024, 12:32 pm GMT+0000 payyolionline.in

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ഇരുസഭകളിലെയും പ്രിസൈഡിങ് ഓഫിസർമാരോട് സസ്പെൻഷൻ പിൻവലിക്കാൻ കേന്ദ്ര സർക്കാർ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 31ന് ആരംഭിക്കാനിരിക്കുന്ന പാർലമെന്‍റിന്‍റെ ബജറ്റ് സെഷന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

‘എല്ലാ എം.പിമാരുടെയും സസ്പെൻഷൻ പിൻവലിക്കും. ലോക്സഭ സ്പീക്കറുമായും രാജ്യസഭ അധ്യക്ഷനുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട് പ്രിവിലേജ് കമ്മിറ്റികളുമായി സംസാരിച്ച് തീരുമാനമെടുക്കാനും സസ്പെൻഷൻ പിൻവലിച്ച് എല്ലാ എം.പിമാർക്കും പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇരുവരും ഇത് അംഗീകരിച്ചിട്ടുണ്ട്’ -മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാർലമെന്‍റ് ശീതകാല സമ്മേളനത്തിനിടെയാണ് ഇരുസഭകളിലുമായി പ്രതിപക്ഷത്തെ 146 എം.പിമാരെ സസ്പെൻഡ് ചെയ്ത അസാധാരണ നടപടിയുണ്ടായത്. പാർലമെന്‍റ് അതിക്രമക്കേസിനെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അ​േന്വഷിക്കണമെന്നും ആവശ്യ​പ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

30 പാർട്ടികളിൽ നിന്നായി 45 നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും പാർലമെന്‍റിൽ ചർച്ചചെയ്യണമെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ഒരു ചോദ്യങ്ങൾക്കും മറുപടി നൽകാത്ത നിലപാടാണ് കേന്ദ്ര സർക്കാറിന്‍റെതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ് ചൂണ്ടിക്കാട്ടി.

ജനുവരി 31ന് തുടങ്ങി ഫെബ്രുവരി ഒമ്പത് വരെയാണ് പാർലമെന്‍റ് ബജറ്റ് സെഷൻ. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe