ആലപ്പുഴ:ആലപ്പുഴ ചേർത്തല മായിത്തറയിൽ പിക്കപ്പ് വാൻ ഓടിച്ച് രാജസ്ഥാൻ സ്വദേശിയായ 12കാരൻ. എംവിഡി വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയിലാണ് 12 വയസുകാരനാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തിയത്. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവായിട്ടുള്ള വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
ഇതിനിടയിലെത്തിയ പിക്കപ്പ് വാൻ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നാണ് വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് മനസിലായത്. എംവിഡി ഉദ്യോഗസ്ഥരെ കണ്ട ഉടനെ കുട്ടി ഓടിരക്ഷപ്പെട്ടു. വാഹനത്തിന്‍റെ താക്കോലുമായാണ് ഓടിരക്ഷപ്പെട്ടത്. തുടര്‍ന്ന് എംവിഡി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം നികുതി അടച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
താക്കോൽ ഇല്ലാത്തതിനാൽ ക്രെയിൻ ഉപയോഗിച്ച് വാഹനം ചേര്‍ത്തല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിക്കപ്പ് വാനിൽ ഉയരത്തിൽ ടാര്‍പോളിൻ കെട്ടി അതിനുള്ളിലാണ് വഴിയോര കച്ചവടത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. അനുവദിച്ചതിലും കൂടുതൽ ഉയരത്തിൽ പിന്നിൽ കമ്പി ഉപയോഗിച്ച് അതിലേക്ക് ടാര്‍പോളിൻ വലിച്ചുകെട്ടിയുള്ള വാഹനം റോഡിലൂടെ പോകുന്നത് കണ്ട ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു.