പിഞ്ചുകുഞ്ഞിനെ കൊന്ന കൊടുംക്രിമിനൽ, അതിക്രൂര കൊലയെന്ന് റിമാൻഡ് റിപ്പോർട്ട്; പ്രതിക്ക് മേൽ 9 കുറ്റങ്ങൾ

news image
Jul 30, 2023, 1:35 pm GMT+0000 payyolionline.in

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, ബലാത്സംഗം അടക്കം ഒൻപത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പറക്കമുറ്റാത്ത കുഞ്ഞിനെ പിച്ചിച്ചീന്തിയ കൊടും ക്രമിനലിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമെന്നാണ് പൊലീസിന്‍റെ ആവശ്യം. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധന വേണമെന്നാണ് പൊലീസ് മുന്നോട്ട് വെക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് ആലുവയിലെ കോടതിയിൽ ഹാജരാക്കിയപ്പോഴും പൊലീസ് മുന്നോട്ട് വെച്ച ആവശ്യം ഇതാണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്. ബിഹാർ സ്വദേശിയെന്നാണ് പറയുന്നതെങ്കിലും ഇക്കാര്യത്തിലും വിശദമായ പരിശോധന വേണം.

നാളെത്തന്നെ കസ്റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യലിനാണ് പൊലീസ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോയ താമസസ്ഥലം, കൊലപാതകം നടത്തിയ ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ ഇടം എന്നിവിടങ്ങളിലെല്ലാം കൊണ്ടു പോയി തെളിവെടുക്കണം. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ഉറപ്പിക്കണം. തട്ടിക്കൊണ്ടുപോയതു മുതൽ കൊലപാതകം വരെയുളള ഒരോ നിമിഷങ്ങളും ഇഴകീറി പരിശോധിക്കണമെന്നാണ് പൊലീസ് മുന്നോട്ട് വെക്കുന്ന ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe