‘പിണറായി വിജയന്‍റേത് ജെറി പൂച്ചയുടെ അവസ്ഥ’; എപ്പോൾ വേണമെങ്കിൽ പിടിവീഴാമെന്ന് മാത്യൂ കുഴൽനാടൻ എംഎല്‍എ

news image
Dec 19, 2024, 2:21 pm GMT+0000 payyolionline.in

കൊച്ചി: വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്  കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരിച്ച് മാത്യൂ കുഴല്‍നാടൻ എംഎല്‍എ. സിഎംആര്‍എല്‍ വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്  കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ്  ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍  ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോയെന്നും കുഴല്‍നാടൻ ചോദിച്ചു.  ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പി വി താനല്ലെന്ന് ഒരിക്കല്‍ക്കൂടി കേരളീയ പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സിഎംആര്‍എല്‍ നല്‍കിയ കോടികള്‍ കൈപ്പറ്റിയ പിവി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ മൗനം. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പേരിലെ പിവി താനല്ലെന്ന് പറഞ്ഞത് പിണറായി വിജയനാണ്. മറ്റാരും അല്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞതും പിണറായി വിജയനാണെന്നും കേരളത്തില്‍ ഈ പേരുള്ള മറ്റൊരു പൊതു പ്രവര്‍ത്തകനുണ്ടോയെന്നും  കുഴല്‍നാടന്‍ ചോദിച്ചു.

അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്എഫ്‌ഐഒയ്ക്ക് അനുവദിച്ച സമയപരിധി എട്ടുമാസമാണ്. എന്നാല്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയായില്ല. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ട്  മൂന്ന് മാസമായി. കെഎസ്‌ഐഡിസിയും വീണാ വിജയനും ഓരോ ഹൈക്കോടതിയെ സമീപിച്ചു. അവിടെ നിന്ന് തിരിച്ചടി കിട്ടിയപ്പോള്‍ സിഎംആര്‍എല്ലിനെ കൊണ്ട് മൂന്നാമത്തെ ഹൈക്കോടതിയെ സമീപിപ്പിച്ചു. രണ്ട് ഹൈക്കോടതികള്‍ തള്ളുകയും മൂന്നാമത്തെ ഹൈക്കോടതി കേസില്‍ ഇടപെടാന്‍ മടിക്കുകയും ചെയ്ത കേസിലാണ് എട്ടുമാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് എസ്എഫ് ഐ ഒ നല്‍കാത്തത്. ആര്‍ക്കുവേണ്ടിയാണ് അന്വേഷണം നീട്ടി കൊണ്ടുപോകുന്നതെന്നും മാത്യൂ കുഴല്‍നാടൻ ചോദിച്ചു.

എസ്എഫ് ഐ ഒ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞത് അന്വേഷണം പൂര്‍ത്തിയായിയെന്നാണ്. എങ്കില്‍ എന്തു കൊണ്ട് നടപടിയിലേക്ക് പോയില്ല. അന്വേഷണം അനാവശ്യമായി നീട്ടിക്കൊണ്ടുപോകാന്‍ പുതിയ വാദം നിരത്തുകയാണ്. അതിന്റെ ഭാഗമാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ മാധ്യമ സ്ഥാപനങ്ങള്‍ക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയെന്ന് പറയുന്നത്.

എക്‌സാലോജിക് പണമിടാപാടില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കണം. സത്യസന്ധവും ആത്മാര്‍ത്ഥവുമായി ഈ കേസ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലാകുന്നതിന് എത്രയോ മുമ്പ് പിണറായി വിജയനും മകളും ജയിലിലാകുമായിരുന്നു. അങ്ങനെ ഒരു അവസ്ഥയുണ്ടാകാതെ സംരക്ഷിച്ചതും പിണറായി വിജയന്റെ രാഷ്ട്രീയ ആയുസ് നീട്ടിക്കൊടുത്തതും മോദിയാണ്. പിണറായി വിജയനെയും കുടുംബത്തേയും  അഴിമതിയുടെ പേരില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി തൊടലിട്ട് പിടിച്ചിരിക്കുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.  പിണറായി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് മോദിയുടെ ദയ കൊണ്ടുമാത്രമാണ്.

ടോം ആന്റ് ജെറി കാര്‍ട്ടൂണിനെപ്പോലെയാണ് പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം.  ഇഡി, എസ്എഫ് ഐ ഒ, സിബിഐ എന്നിവ കാര്‍ട്ടൂണ്‍ കഥാപാത്രമായ ടോമിനെപ്പോലെയാണ്. പിണറായി വിജയന്റെത്  ജെറി പൂച്ചയുടെ അവസ്ഥയാണ്. എപ്പോള്‍ വേണമെങ്കിലും പിടിവീഴാമെന്ന ജെറി പൂച്ചയുടെ അവസ്ഥയിലുള്ള പിണറായി വിജയന്‍ ബിജെപിക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കുമെന്ന നിലയിലാണ്. ബിജെപിക്ക് വേണ്ടി എസ്എഫ് ഐ ഒ ഒരു പാര്‍ലമെന്റ് സീറ്റ് കേരളത്തില്‍ നേടി. അതില്‍ ഏറ്റവും നിര്‍ണ്ണായ പങ്ക് വഹിച്ച എഡിജിപി അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് മുഖ്യമന്ത്രി സ്ഥാനം കയറ്റം നല്‍കിയെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. പിണറായി വിജയനും കുടുംബവും നടത്തിയ അഴിമതി പൊതുസമൂഹത്തില്‍ തെളിയിക്കുന്നത് വരെ ശക്തമായ പോരാട്ടം തുടരും. അതിന് കരുത്ത് നല്‍കുന്നതാണ് ഡല്‍ഹി ഹൈക്കോടതിയില്‍ വന്നതെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe