കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു പരുക്കേറ്റ സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോ പിറകിൽ നിന്നു തള്ളിയതായി മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്. വീഴ്ചയ്ക്കു കാരണം പിറകിൽ നിന്നു തള്ളിയതാണെന്ന് എസ്എസ്കെഎം ആശുപത്രി ഡയറക്ടർ ഡോ. മൃൺമയ് ബന്ദോപാധ്യായ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും ഇതു തോന്നലായിരിക്കാമെന്ന് അദ്ദേഹം ഇന്നലെ വിശദീകരിച്ചു.
വ്യാഴാഴ്ച സന്ധ്യയോടെ സ്വീകരണമുറിയിൽ വീണ മമതയുടെ നെറ്റി ഗ്ലാസ് ഷോകേസിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ 3 തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ തുടരാൻ അഭ്യർഥിച്ചെങ്കിലും മമത രാത്രി തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, ഏതാനും ബന്ധുക്കൾ എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. ഹൗറ ലോക്സഭാ മണ്ഡലത്തിൽ പ്രസൂൻ ബാനർജിയെ വീണ്ടും സ്ഥാനാർഥിയായി നിർത്തിയതിനെ വിമർശിച്ച സഹോദരൻ ബാബുൻ ബാനർജിയെ നേരത്തേ മമത തള്ളിപ്പറഞ്ഞിരുന്നു.
സഹോദരനുമായുള്ള ബന്ധം വിഛേദിക്കുകയാണെന്നും ആർത്തിയുള്ളവരെ തനിക്ക് ഇഷ്ടമല്ലെന്നും മമത പറഞ്ഞു. ആവശ്യമെങ്കിൽ ഇവിടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബാബുൻ ബാനർജിയും പറഞ്ഞു. എന്നാൽ, മമതയുടെ പരുക്കും കുടുംബത്തിലെ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.
കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. ഹരീഷ് ചാറ്റർജി സ്ട്രീറ്റിൽ ഇടത്തരക്കാരും സാധാരണക്കാരും താമസിക്കുന്ന റോഡിലാണ് മമതയുടെ ചെറിയ വീട്. ഓടിട്ട മേൽക്കൂര ചോർന്നൊലിച്ചതിനെത്തുടർന്ന് ഏതാനും വർഷം മുൻപ് അറ്റകുറ്റപ്പണി ചെയ്തിരുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെ നിന്നു മാറിത്താമസിക്കാൻ പലതവണ പൊലീസ് അഭ്യർഥിച്ചെങ്കിലും മമത സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ കർക്കശമാക്കിയതായി കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ പറഞ്ഞു.