‘പി എം ശ്രീ പദ്ധതിയിൽ തുടർനടപടികൾ മരവിപ്പിക്കണം’; കേന്ദ്രത്തിന് കത്തയച്ച് കേരളം

news image
Nov 12, 2025, 2:54 pm GMT+0000 payyolionline.in

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തയച്ച് കേരളം. ധാരണാ പത്രം മരവിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നും കത്തിൽ ചൂണ്ടികാട്ടുന്നു. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേന്ദ്രത്തിന് അയക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്.

മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയച്ചത്. മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സബ് കമ്മിറ്റി പിഎം ശ്രീ സംബന്ധിച്ച് വിശദമായ പഠനം നടത്തും. പഠന റിപ്പോര്‍ട്ട് വരുന്നത് വരെ കേരളം പിഎം ശ്രീ കരാറുമായി മുന്നോട്ടുപോകില്ല. തല്‍ക്കാലം മരവിപ്പിക്കാനുളള തീരുമാനമാണ് മന്ത്രിസഭ എടുത്തത്. ഈ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ എത്ര കാലയളവിലേക്കാണ് കരാര്‍ മരവിപ്പിക്കുന്നതെന്ന് കത്തില്‍ പരാമർശിക്കുന്നില്ല.

ധാരണാപത്രം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കത്ത് തയ്യാറാക്കിയതും. സബ് കമ്മിറ്റിയിലുളള സിപിഐയുടെ മന്ത്രിമാരായ കെ രാജനെയും പി പ്രസാദിനെയും കത്തിന്റെ ഉളളടക്കം ധരിപ്പിച്ചിരുന്നു. അവര്‍ കൂടി സംതൃപ്തരായതിനുശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് അയച്ചത്.

പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് സിപിഐ- സിപിഐഎം പരസ്യപോരിലേക്കും വഴിവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ സമവായത്തിലെത്തുകയായിരുന്നു.

സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. പിന്നാലെ പിഎം ശ്രീ കരാറില്‍ ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്ത് നല്‍കാനും പദ്ധതിയെ കുറിച്ച് പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും തീരുമാനിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe