ഇന്ത്യയിലെ പ്രതിമാസ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) പ്രധാന വിരമിക്കല്‍ സേവിങ് ഘടകമാണ്. പി എഫ് ബാലന്‍സിനെ കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ഇതിലൂടെ വിരമിക്കല്‍ സേവിങ്സ്, ലോണുകള്‍, പിന്‍വലിക്കല്‍ എന്നിവയ്ക്കായി എളുപ്പത്തിൽ ആസൂത്രണം ചെയ്യാം. പലപ്പോഴും ബാലൻസ് പരിശോധിക്കുമ്പോൾ സാങ്കേതിക കാരണങ്ങളാലോ ട്രാഫിക് പ്രശ്നങ്ങളാലോ ഇ പി എഫ് ഒ സൈറ്റോ മൊബൈല്‍ ആപ്പോ ഹാങ് ആകുന്നത് സ്ഥിരമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു ചില വഴികളുണ്ട്. അവ വിശദമായി അറിയാം:
എസ്എംഎസ്, മിസ്ഡ് കോളുകള്‍ പോലുള്ള ഓഫ്ലൈന്‍ മോഡുകളാണ് ഇതിനുള്ള പ്രധാന പരിഹാരം. മിസ്ഡ് കോള്‍ വഴി ബാലന്‍സ് പരിശോധിക്കാൻ, അംഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാൽ മാത്രം മതി. കുറച്ച് റിങുകള്‍ക്ക് ശേഷം കോള്‍ സ്വയമേവ കട്ട് ആകും.
തുടർന്ന് പി എഫ് ബാലന്‍സിന്റെയും തൊഴിലുടമ നൽകിയ സംഭാവനയുടെയും വിശദാംശങ്ങളുള്ള എസ് എം എസ് ലഭിക്കും. മൊബൈല്‍ നമ്പര്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറില്‍ (UAN) രജിസ്റ്റര്‍ ചെയ്യുകയും UAN ആക്ടീവ് ആക്കുകയും ചെയ്താല്‍ മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താനാകൂ.
എസ്എംഎസ് സേവനം വഴി ബാലന്‍സ് പരിശോധിക്കാൻ 7738299899 എന്ന നമ്പറിലേക്ക് ‘EPFOHO UAN ENG’ എന്ന ഫോര്‍മാറ്റില്‍ എസ്എംഎസ് അയയ്ക്കണം. ഇതിൽ ENG എന്നത് ഉപയോഗിക്കേണ്ട ഭാഷയുടെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളാണ്.