കൊച്ചി: രാജ്യത്ത് പി.എസ്.സി വഴി ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി പി. രാജീവ്. കേരള പബ്ലിക് സ൪വീസ് കമീഷന്റെ എറണാകുളം മേഖലാ/ജില്ലാ ഓഫീസ്- ഓൺലൈ൯ പരീക്ഷാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എറണാകുളം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
താഴെ തട്ടുമുതൽ ഉയർന്ന തലം വരെയുള്ള സർക്കാർ, സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എല്ലാം നിയമനം നടത്തുന്ന ഭരണഘടന സംവിധാനമാണ് പി.എസ്.സി. കേരളം കഴിഞ്ഞ വർഷം ഏകദേശം 34000 നിയമനങ്ങൾ പി.എസ്.സി വഴി നടത്തി. ഇന്ത്യയിൽ മൊത്തം നടന്ന നിയമനങ്ങളിൽ പകുതിയോളം കേരളത്തിലാണ്.
രാജ്യത്തിന്റെ 2.8 ശതമാനം ജനങ്ങളാണ് കേരളത്തിൽ ഉള്ളത്. ജനസംഖ്യ കൂടുതലുള്ളതും ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ പോലും 1000 ത്തിൽ താഴെ മാത്രമാണ് ഓരോ വർഷവും നിയമനം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യ മേഖലയിലടക്കം ധാരാളം നിയമനങ്ങൾ നടക്കുന്നുണ്ട്. സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ട സ്ഥലത്ത് സർക്കാർ ആശുപത്രികളിൽ ഏറ്റവും മികച്ച ചികിത്സ പോലും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നുണ്ട്.
സർക്കാർ സംവിധാനത്തിൽ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതുകൊണ്ട് ജനങ്ങൾ പൊതു വിദ്യാലയങ്ങളിൽ ധൈര്യമായി കുട്ടികളെ ചേർക്കുന്നു. പൊതുജനങ്ങളുടെ പോക്കറ്റിൻ നിന്നും ചെലവഴിക്കുന്ന പണത്തിൻ്റെ തോത് കുറയ്ക്കാൻ ഇത് വഴി സാധിക്കുന്നുണ്ട്. ഇവർക്കെല്ലാം ശമ്പളം കൊടുക്കുന്നതു സർക്കാരാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഈ അവസ്ഥ ഇല്ല.
കുടിവെള്ളം, ഇലക്ട്രിസിറ്റി, സേവനമേഖലകൾ ഇവയെല്ലാം പബ്ലിക് സംവിധാനത്തിൽ നിൽക്കുന്നതുകൊണ്ടാണ് നമുക്ക് ശമ്പളം, പെൻഷൻ എന്നി ആവശ്യങ്ങൾക്കായി ഈ ചെലവുകൾ വരുന്നത്. കേവല സൂചികകളെ അടിസ്ഥാനപ്പെടുത്തി മാത്രം കാര്യങ്ങളെ സമീപിക്കാൻ പാടില്ല. നഷ്ടം എന്നത് പണം എത്ര വന്നു, എത്ര പോയി എന്നതിന് അടിസ്ഥാനപ്പെടുത്തി മാത്രമല്ല എന്നതും കാണണം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിലവാരത്തിൻ മാതൃകാപരമായ രീതിയിലാണ് കേരളത്തിലെ പി.എസ്.സി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പബ്ലിക് സ൪വീസ് കമീഷ൯ ചെയ൪മാ൯ ഡോ. എം.ആ൪. ബൈജു അധ്യക്ഷത വഹിച്ചു. മേയ൪ അഡ്വ.എം. അനിൽ കുമാർ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനിയർ എസ്.ആർ. അനിതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ, ജി.സി.ഡി.എ ചെയ൪മാ൯ കെ.ചന്ദ്ര൯ പിള്ള, വാർഡ് കൗൺസില൪ രജനി മണി, കമീഷനംഗങ്ങളായ ഡോ. സ്റ്റാനി തോമസ്, അഡ്വ. സി.ബി. സ്വാമിനാഥ൯, പി.എസ്.സി സെക്രട്ടറി സാജു ജോ൪ജ്, മേഖലാ ഓഫീസ൪ ജോസ് ഫ്രാ൯സിസ്, മുൻ കമീഷൻ അംഗം പി.എച്ച്.എം ഇസ്മയിൽ, ഉദ്യോഗസ്ഥർ തുടങ്ങിയവ൪ പങ്കെടുത്തു.