പുകയില ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നിലവിലുള്ള ചരക്ക് സേവന നികുതി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ജി.എസ്.ടി. കോമ്പന്‍സേഷന്‍ സെസ്സ് നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍, ഈ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനം നിലനിര്‍ത്തുന്നതിനായി അധിക ലെവി ചുമത്തി നിലവിലെ മൊത്തം നികുതി വരുമാനം അതുപോലെ തന്നെ തുടരാനാണ് കേന്ദ്രത്തിന്റെ ആലോചന. ജി.എസ്.ടി. കോമ്പന്‍സേഷന്‍ സെസ്സ് കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തിലാണ് വരുമാനം ചോര്‍ന്നുപോകാതിരിക്കാന്‍ കേന്ദ്രം ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.
നിരക്ക് വര്‍ധനവ് ഒഴിവാക്കും
ജിഎസ്ടി ഘടനയ്ക്ക് പുറത്തുള്ള ഒരു അധിക കേന്ദ്ര നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് നിലവിലെ നികുതി വരുമാനം മാറ്റമില്ലാതെ തുടരുമെന്ന് കേന്ദ്രം ഉറപ്പാക്കും. നിലവില്‍ ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഇതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ക്കനുരിച്ച് കോമ്പന്‍സേഷന്‍ സെസ്സുമുണ്ട്. കേന്ദ്ര നികുതികള്‍ മാത്രം ക്രമീകരിക്കുന്നതിലൂടെ, ജി.എസ്.ടി. കൗണ്‍സിലില്‍ വീണ്ടും നിരക്ക് വര്‍ധന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാതെ തന്നെ സര്‍ക്കാരിന് സമാനമായ നികുതി വരുമാനം കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 28% ജി.എസ്.ടി. കൂടാതെ കോമ്പന്‍സേഷന്‍ സെസ്സും ചേരുമ്പോള്‍ മൊത്തം നികുതിഭാരം 60-70 ശതമാനത്തിലധികമാണ്. പുതിയ അധിക കേന്ദ്ര നികുതി വരുമ്പോള്‍ വിലയില്‍ പെട്ടെന്ന് വര്ധനവുണ്ടാവില്ലെങ്കിലും ഉപഭോക്താവ് ഉല്‍പ്പന്നത്തിന് നല്കുന്ന തുക നിലവിലുള്ളതുപോലെ തുടരും.
സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടം നികത്തുന്നതിനായി 2017 ജൂലൈയില്‍ ജി.എസ്.ടി. നടപ്പിലാക്കിയപ്പോള്‍ ഏര്‍പ്പെടുത്തിയതാണ് കോമ്പന്‍സേഷന്‍ സെസ്സ്. ഔദ്യോഗികമായി 2022 ജൂണില്‍ കാലാവധി അവസാനിച്ചെങ്കിലും, കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് എടുത്ത ഏകദേശം 2.7 ലക്ഷം കോടി രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി 2026 മാര്‍ച്ച് വരെ സെസ്സ് പിരിക്കുന്നത് തുടരാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
വരുമാന നഷ്ടം ഉണ്ടാകില്ല
ആഢംബര, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം വരെയായി നേരത്തെ ഉയര്‍ത്തിയത് കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ വരുമാന നഷ്ടം ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്തം നികുതിഭാരം ഏകദേശം 53 ശതമാനവും പാന്‍ മസാലയുടേത് 88 ശതമാനവുമാണ്. .
