ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ പാസ്സാക്കിയത്.
1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സി.ആര്.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് പാലർലമെന്റ് പാസാക്കിയത്. ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി മാറിയിരുന്നു.
കാലഘട്ടത്തിന് യോജിക്കാത്ത, കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയ നിയമങ്ങളെന്നും ഇന്ത്യൻ ഭരണഘടനക്കും ഇന്ത്യൻ ജനങ്ങൾക്കും ഊന്നൽ നൽകുന്നതാണു പുതിയ നിയമങ്ങളെന്നുമായിരുന്നു ബില്ലുകൾ ലോക്സഭയിലെത്തിയപ്പോൾ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.