തിരുവനന്തപുരം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷക്ക് മുകളിൽ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമർദം ദുർബലമായതിനു ശേഷം ഏകദേശം ജൂലൈ 19 ന് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയൊരു ന്യൂനമർദം രൂപപ്പെടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
ഈ ന്യൂനമർദത്തിന്‍റെ ഫലമായി ഈ സമയത്തു അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തിൽ വ്യാപകമായ മഴക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്. അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഐടിഎം പൂനെയുടെ മഴ പ്രവചനത്തിൽ പറയുന്നു.