പഠാൻകോട്ട്: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഠാൻകോട്ടിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി കടന്നുള്ള ചാരശൃംഖലയിൽ കൗമാരക്കാർ കണ്ണികളാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അറസ്റ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ കുട്ടി പാകിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്ലർമാരുമായി നിരന്തര ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ കുട്ടി പാക് ഏജന്റുമാർക്ക് കൈമാറിയതായാണ് കണ്ടെത്തൽ. വിവിധ ആശയവിനിമയ മാർഗ്ഗങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഐഎസ്ഐയുടെ പുതിയ തന്ത്രം
ഈ കേസ് സുരക്ഷാ ഏജൻസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ചാരവൃത്തിക്കുമായി ഐഎസ്ഐ (ഇന്റർ-സർവീസസ് ഇന്റലിജൻസ്) ഇപ്പോൾ കൊച്ചു കുട്ടികളെ ലക്ഷ്യം വെക്കുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. കുട്ടികളെ സ്വാധീനിച്ച് അവരിലൂടെ വിവരങ്ങൾ ചോർത്തുന്നത് രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഞ്ചാബിലെ മറ്റ് കുട്ടികളെയും ഐഎസ്ഐ ഏജന്റുമാർ വലവിരിച്ച് വീഴ്ത്തിയോ എന്ന് പൊലീസ് സംശയിക്കുന്നുമ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ രീതിയിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായ കുട്ടിയുടെ പിന്നിലുള്ള വിപുലമായ ശൃംഖലയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആയതിനാൽ ജുവനൈൽ നിയമങ്ങൾക്കനുസരിച്ചുള്ള നിയമനടപടികളാണ് സ്വീകരിക്കുന്നത്.
