ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ വനിതാ സംവരണബിൽ കൊണ്ടുവന്നേക്കുമെന്ന് സൂചന. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അതിനിടെ, പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടിംഗിനുള്ള സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരീക്ഷിച്ചു. അതേസമയം, രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനലിൽ ഇനി മുതൽ 50% പ്രാതിനിധ്യം വനിത എം പിമാർക്ക് നൽകിയെന്ന് ഉപരാഷ്ട്രപതി അറിയിച്ചു. 8 അംഗ പാനലിൽ 4 പേർ വനിതകളാണ്. ബിജെപിയുടെ 3 അംഗങ്ങളെയും, ബിജെഡിയുടെ ഒരംഗത്തെയും ഉൾപ്പെടുത്തി പാനൽ പുന:സംഘടിപ്പിച്ചെന്ന് ഉപരാഷ്ട്രപതി അറിയിച്ചു.
പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു.75 വർഷത്തെ യാത്രക്കിടയിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിച്ചു. പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാർലമെന്റ് പടിക്കെട്ടുകളെ നമസ്കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാൽ ഈ മന്ദിരത്തോട് വിട ചൊല്ലാൻ സമയമായിരിക്കുന്നു. പുതിയ പാർലമെന്റിന് വേണ്ടി വിയർപ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി ഓർമ്മിച്ചു.