പുതിയ വാഹനം വാങ്ങാൻ സർക്കാരിന് പണമില്ല, ഹൈക്കോടതി ഉപേക്ഷിച്ച വാഹനങ്ങൾ എടുക്കാൻ ടൂറിസം വകുപ്പ് 

news image
Dec 20, 2025, 8:27 am GMT+0000 payyolionline.in

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നത് വൈകിയതോടെ ഹൈക്കോടതി ഉപേക്ഷിച്ച പഴയ വാഹനങ്ങൾ സ്വന്തമാക്കി ടൂറിസം വകുപ്പ്. ഹൈക്കോടതി ജഡ്ജിമാർ ഒഴിവാക്കിയ അഞ്ചുവർഷം പഴക്കമുള്ള 20 ഇന്നോവ ക്രിസ്റ്റകളാണ് വിനോദസഞ്ചാരവകുപ്പിന് കൈമാറിയത്.

 

ജൂണിൽ ഹൈക്കോടതി ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഒൻപതുകോടി രൂപ അനുവദിച്ചിരുന്നു. വിവിഐപി അകമ്പടിക്കും സർക്കാർ അതിഥികൾക്കും വാഹനങ്ങളില്ലാതെവന്നതോടെയാണ് പഴയതെങ്കിലും കിട്ടിയാൽ മതിയെന്ന അവസ്ഥയിലേക്ക് ടൂറിസം വകുപ്പ് എത്തിയത്.

ഉപയോഗത്തിലുള്ളതിൽ ഭൂരിഭാഗവും 12 വർഷം പഴക്കമുള്ളവയാണ്. സ്ഥിരമായി തകരാറിലാകുന്ന ഇവ വിവിഐപി അകമ്പടിക്ക് ഉപയോഗിക്കുന്നതിനെ കേന്ദ്ര സുരക്ഷാ ഏജൻസികൾ വിലക്കിയിരുന്നു. പകരം ടാക്‌സി വാഹനങ്ങൾ ഏർപ്പെടുത്തിയതിനെയും സുരക്ഷാകാരണങ്ങളാൽ കേന്ദ്ര ഏജൻസികൾ എതിർത്തു. ഇതോടെയാണ് കുറച്ച് പഴയ വാഹനങ്ങളെങ്കിലും കിട്ടിയാൽ മതിയെന്ന നിലയിലായത്.

ഇതിനിടെ, കിട്ടിയ പഴയ വാഹനങ്ങളും ടൂറിസംവകുപ്പിന് നഷ്ടമാകുന്ന സ്ഥിതിയാണ്. സർക്കാർ അനുമതിയില്ലാതെ ടൂറിസം വകുപ്പിലെ വാഹനങ്ങൾ കൈമാറരുതെന്നാണ് വ്യവസ്ഥയെങ്കിലും ഇത് മറികടന്ന് വാഹനങ്ങൾ വീതംവെച്ചെടുക്കാനുള്ള നീക്കത്തിലാണ് ഉന്നതോദ്യോഗസ്ഥർ. ഹൈക്കോടതിയിൽ നിന്നെത്തിയ ഒരു കാർ ഉടമസ്ഥാവകാശം മാറുന്നതിനുമുൻപേ ഒരു വകുപ്പുസെക്രട്ടറി സ്വന്തമാക്കിയിരുന്നു.

സെക്രട്ടറി ഉപയോഗിച്ച പഴഞ്ചൻ വാഹനം തിരികെ നൽകി. ബാക്കിയുള്ളകാറുകൾകൂടി ഇങ്ങനെപോയാൽ, സർക്കാർ അതിഥികൾ എത്തുമ്പോൾ പഴയപടി വാടകവാഹനങ്ങളെ ആശ്രയിക്കേണ്ടിവരും. 20 പുതിയ വാഹനങ്ങൾ വാങ്ങാനുള്ള ശുപാർശ ധനവകുപ്പ് അംഗീകരിച്ചെങ്കിലും വെളിച്ചം കണ്ടിട്ടില്ല. മന്ത്രിമാർക്കുപോലും നല്ല വാഹനങ്ങൾ നൽകാനില്ലാത്ത സ്ഥിതിയിലാണ് ടൂറിസം വകുപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe