പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാർട്ടിയും. ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർത്ഥിയാകുക. മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എ എ പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നേരിട്ടെത്തി ട്വൻറി ട്വൻറി യുമായി സഖ്യമുണ്ടാക്കിയെങ്കിലും തൃക്കാക്കരയിൽ മത്സരിച്ചിരുന്നില്ല. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയാൽ മതിയെന്നായിരുന്നു അന്ന് എ എ പി എടുത്ത തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്തെ 20000 വാർഡുകളിലും പാർട്ടി കമ്മിറ്റികൾ രൂപികരിക്കാനുള്ള ശ്രമമാണ് എ എ പി നടത്തുന്നത്.
അതേസമയം പുതുപ്പള്ളിയിൽ പോരാട്ടം കനക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ഉയർന്ന മാസപ്പടി വിവാദം സജീവ ചർച്ചയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം പാലിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു സതീശൻറെ പ്രതികരണം. സർക്കാരിന്റെ പരാജയവും അഴിമതിയും ആണ് പുതുപ്പള്ളിയിൽ ഉന്നയിക്കാന്‍ പോകുന്നത്. സർക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിക്കുമെന്നും വി ഡി സതീശൻ കൂട്ടിചേർത്തു.
പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ജെയ്ക് ആവശ്യപ്പെട്ടു. വ്യക്തി അധിക്ഷേപം നടത്തുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലും പ്രതികരിച്ചു