കോഴിക്കോട്: വീടകങ്ങളിലെ തിരക്കുകൾക്കിടയിൽ പിറന്ന കവിതകൾ പുസ്തകമാക്കിയപ്പോൾ വീട്ടമ്മക്ക് പുരസ്കാര നിറവ്. കല്ലായി എം.എസ്. ബാബുരാജ് ഹൗസിങ്ങ് കോംപ്ലക്സിൽ താമസിക്കുന്ന ബീന റഷീദ് എന്ന പുതു കവയിത്രിയെയാണ് പ്രഥമ കവിതാ സമാഹാരത്തിന് രണ്ട് പ്രധാന പുരസ്കാരങ്ങൾ തേടിയെത്തിയത്. തന്റെ നാഥനെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും നബിയെക്കുറിച്ചും ആണ് സഫലമീ… ജീവിത ഗന്ധിയായ 99 കവിതകൾ എന്ന പുസ്തകം അവർ തയാറാക്കിയത്. അമൃത രശ്മി പുരസ്ക്കാരവും വള്ളത്തോൾ പുരസ്കാരവും ലഭിച്ചതിന്റെ ആത്മ ഹർഷത്തിലാണ് ബീന റഷീദ്.
ചരിത്ര പണ്ഡിതൻ ഡോ. കെ.കെ.എൻ. കുറുപ്പ് ചെയർമാനായ കുട്ടമത്ത് സംസ്കൃതി കേന്ദ്രം കൊല്ലൂരും ഇന്ത്യൻ കൾച്ചറൽ ആന്റ് ഹെറിറ്റേജ് സെന്റർ കാക്കനാടും ചേർന്ന് നൽകുന്ന മഹാകവി കുട്ടമത്ത് ശ്രീ പുരസ്കാരമായ അമൃത രശ്മി അവാർഡ് മൂകാംബികയിൽ നടന്ന ചടങ്ങിൽ സ്വാമി നന്ദാത്മജാനന്ദയിൽ നിന്നാണ് ഏറ്റു വാങ്ങിയത്. ഡോ. കെ.കെ.എൻ. കുറുപ്പ്, ഇ.കെ. ഗോവിന്ദ വർമ രാജ, പ്രൊഫ. ഭാരതി, കാവ്യ രത്ന പത്മനാഭ പണിക്കർ, അമൃത എന്നിവർ പങ്കെടുത്തു. നേരത്തെ വള്ളത്തോൾ പുരസ്കാരവും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ബുക് എൻ പ്രിന്റാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഭർത്താവ് റഷീദ് ഉസ്മാൻ. മകൻ മുഹെമ്മദ് അമീൻ.