തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷിമൃഗാധികള്‍; വന്‍ആഘോഷമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍

news image
Sep 22, 2023, 3:59 pm GMT+0000 payyolionline.in

തൃശൂര്‍: ഒക്ടോബര്‍ രണ്ടിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിന്റെയും വനം വന്യജീവി വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളില്‍ നിന്നായി വര്‍ണ്ണഭമായ രണ്ട് ഘോഷയാത്രകള്‍ ഉണ്ടാകും. വാരാഘോഷത്തില്‍ വനം,മൃഗശാല, വൈദ്യുത വകുപ്പ് മന്ത്രിമാരും ജില്ലയിലെ മൂന്നു മന്ത്രിമാരും അടക്കം ആറ് മന്ത്രിമാര്‍ പങ്കെടുക്കും. പഞ്ചായത്ത് ഭരണസമിതിക്കാണ് മുഖ്യ ചുമതല. ബ്ലോക്ക് പഞ്ചായത്തിന്റെയും മറ്റു പഞ്ചായത്തുകളുടെയും സഹകരണത്തോടുകൂടി ആയിരിക്കും ഘോഷയാത്ര അടക്കമുള്ളവ സംഘടിപ്പിക്കുക. ജനപ്രതിനിധികളും പൗര പ്രമുഖരും ഉദ്യോഗസ്ഥരും അടങ്ങുന്ന എട്ടു സബ് കമ്മിറ്റികളാണ് രൂപീകരിച്ചത്.’ സബ് കമ്മിറ്റി രൂപീകരണത്തിന് പിന്നാലെ വാര്‍ഡ്തല കമ്മിറ്റികള്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

‘ആദ്യം മയില്‍, പിന്നാലെ 479 പക്ഷി മൃഗാദികള്‍’; പുത്തൂരിലേക്കുള്ള മാറ്റം ഇങ്ങനെ

48 ഇനങ്ങളിലായി 117 പക്ഷികള്‍, 279 സസ്തനികള്‍, 43 ഉരഗ വര്‍ഗ്ഗജീവികള്‍ എന്നിങ്ങനെ 479 പക്ഷി മൃഗാദികളെയാണ് പുത്തൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര അനുമതി ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ തൃശൂര്‍ മൃഗശാലയില്‍ നിന്നും ദേശീയ പക്ഷിയായ മയിലിനെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന് ഈ പരിപാടിക്ക് തുടക്കം കുറിക്കുവാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തത്ത വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികള്‍, ജലപക്ഷികള്‍ എന്നിവയെയും മാറ്റും. ഇങ്ങനെ വിവിധ സ്പീഷിസുകളില്‍ കുറച്ച് എണ്ണങ്ങളെ കൊണ്ടുവന്ന് നിരീക്ഷിച്ച ശേഷം ഒക്ടോബര്‍ അവസാനത്തോടെ ബോണറ്റ് കുരങ്ങുകളില്‍ ആദ്യ ബാച്ചും തിരുവനന്തപുരം നെയ്യാറില്‍ നിന്നും ചീങ്കണ്ണികളെയും കൊണ്ടുവരും. നവംബര്‍ ഒന്നു മുതല്‍ അംഗസംഖ്യ ഏറ്റവും കൂടുതലുള്ള മാനുകളെ മാറ്റുന്ന നടപടിയും തുടങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe