‘പുരുഷ പൊലീസ് ലാത്തിക്ക് തലക്കടിച്ചു’; മേഘ രഞ്ജിത്തിൻ്റെ സ്ഥിതി ​ഗുരുതരം; മെഡിക്കൽ കോളേജിൽ നിന്നും മാറ്റി

news image
Jan 16, 2024, 6:00 am GMT+0000 payyolionline.in

ആലപ്പുഴ: ആലുപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ചിനിടയിലെ സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിൻ്റെ ആരോ​ഗ്യനില ​ഗുരുതരം. ലാത്തിയടിയിൽ തലയ്ക്ക് പരിക്കേറ്റ മേഘയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് മാറ്റി. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്നലെ ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പുരുഷ പൊലീസിൻ്റെ ലാത്തിയടിയിൽ നിരവധി വനിതാ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്.

മേഘ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് ഇന്നലെ രാത്രിയാണ് മാറ്റിയത്. മേഘയുടെ സ്ഥിതി ഗുരുതരമായതിനാലാണ് മാറ്റിയത്. ആലപ്പുഴയിൽ നടത്തിയ മാര്‍ച്ച് സംഘ‍ര്‍ഷത്തിൽ കലാശിക്കുകയായിരുന്നു.  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മ‍ര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനേയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

സംസ്ഥാന വൈസ് പ്രസി‍ഡന‍്റ് അരിത ബാബു അടക്കമുള്ള വനിത പ്രവര്‍ത്തകരേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പുരുഷ പൊലീസുകാര്‍ വനിതകളെ വളഞ്ഞിട്ട് തല്ലിയെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച പ്രവ‍ര്‍ത്തക‍ര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനും ഉപരോധിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe