പുറമേ ടാറ്റൂ ആർട്ടിസ്റ്റ്; മലയാളി ദമ്പതികളുടെ ലഹരിമരുന്ന് വിൽപന വിദ്യാർഥികളെ കേന്ദ്രീകരിച്ച്

news image
Nov 17, 2022, 5:36 am GMT+0000 payyolionline.in

ബംഗളൂരു: പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് വിൽപനക്കിടെ പിടിയിലായ മലയാളി ദമ്പതികൾ ആഡംബര ജീവിതം നയിക്കാനാണ് ലഹരി ഇടപാടുതുടങ്ങിയതെന്ന് പൊലീസ്. തിങ്കളാഴ്ചയാണ് കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നിവരെ ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് കോടികളുടെ മയക്കുമരുന്നുമായി പിടിയിലായി ജയിലിൽ കിടന്ന ദമ്പതികൾ, ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തുകയായിരുന്നു.

കഴിഞ്ഞ മാർച്ചിൽ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ അറസ്റ്റിലായിരുന്നു. ഈ കേസിൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമായത്. പ്രതികള്‍ വിശാഖപട്ടണത്ത് നിന്ന് ഹാഷിഷ് ഓയില്‍ കൊണ്ടുവന്ന് ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളാക്കി വില്‍പന നടത്തുകയായിരുന്നു. വിദ്യാർഥികളാണ് മുഖ്യ ഇരകൾ.

 

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് വിഷ്ണുപ്രിയയും സിഗിൽ വർഗീസും പ്രണയത്തിലായത്. പിന്നീട് വാടകവീടെടുത്ത് ഒരുമിച്ച് താമസിച്ചു. ടാറ്റൂ ആര്‍ട്ടിസ്റ്റുകളായാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതിന്റെ മറവിലാണ് കോടികളുടെ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. 2020 മുതൽ ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ 7.76 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ദമ്പതികളിൽനിന്ന് കണ്ടെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ ബംഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23)യാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച് സംസ്ഥാനത്തുടനീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നത്.

വിക്രമിനെ കഴിഞ്ഞ മാർച്ചിൽ ബി.ടി.എം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ​ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe