കോട്ടയം : എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയറ്ററുകളിൽ എത്തിക്കാൻ തിരക്കിട്ട നീക്കം. നിലവിൽ ഒരു തിയറ്ററിലും സെൻസർ ചെയ്ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് രാത്രിയിലുള്ള ഷോ കഴിഞ്ഞു വേണം തിയറ്ററുകളിൽ ഡൗൺലോഡ് ചെയ്ത് പ്രദർശനത്തിനു സജ്ജമാക്കേണ്ടത്. എന്നാൽ മാത്രമേ നാളെ പുതിയ പതിപ്പ് പ്രദർശിപ്പിക്കാനാകൂവെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. ഇതുവരെ ഒരു തിയറ്ററിലും പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നും നാളെ റീ എഡിറ്റിങ് പതിപ്പ് പ്രദർശിപ്പിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
ഷോ കഴിഞ്ഞ് ഇടവേള വേണം
തിയറ്ററുകളിലെ ഡൗൺലോഡ് ബോക്സിലാണ് ഉള്ളടക്കം എത്തുന്നത്. ഇത് ഡൗൺലോഡ് ചെയ്യാൻ അരമണിക്കൂറോളം വേണ്ടിവരും. ഇന്റർനെറ്റിന്റെ വേഗം അനുസരിച്ച് ഈ സമയപരിധിയിൽ വ്യത്യാസം വരാം. സംസ്ഥാനത്ത് മിക്ക തിയറ്ററുകളിലും രാവിലെ തുടങ്ങുന്ന എമ്പുരാന്റെ പ്രദർശനം പുലർച്ചെ 3 മണിയോടെയാണ് അവസാനിക്കുന്നത്. നഗരങ്ങളിലെ പല തിയറ്ററുകളിലും രാത്രി വൈകി 12 മണിക്കാണ് അവസാന ഷോ. പ്രദർശന സമയം കഴിഞ്ഞാണ് സിനിമകൾ ഡൗൺലോഡ് ചെയ്യുകയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു. എമ്പുരാന് മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ളതിനാലും രണ്ടു ഷോകൾക്കിടയിൽ കഷ്ടിച്ച് അരമണിക്കൂർ മാത്രമാണ് ഇടവേള എന്നതിനാലും പകൽ സമയത്തു ഡൗൺലോഡിങ് നടക്കില്ല.
ഷോ ടൈമിൽ ചിത്രം ഡൗൺലോഡ് ചെയ്താൽ അര മണിക്കൂർ എന്നത് ഒരു മണിക്കൂറിനു മുകളിലേക്ക് പോയേക്കാമെന്നും തിയേറ്റർ ഉടമകൾ പറയുന്നു. പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് അപ്ലോഡ് ചെയ്താലും അത് സ്ക്രീൻ ചെയ്ത് എല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തും. അതിനാൽ നാളെ വെളുപ്പിന് മൂന്നിനും രാവിലെ 10നും ഇടയിലായിരിക്കും ഭൂരിപക്ഷം തിയറ്ററുകളിലും ഡൗൺലോഡിങ്ങും പ്രിവ്യു പ്രദർശനവും നടക്കുക.
എഡിറ്റ് ചെയ്ത ഭാഗം മാത്രം ഒരു ഫയലാക്കി അയയ്ക്കാനാകും. ഈ പ്രക്രിയ എളുപ്പമാണെങ്കിലും ആ സാധ്യത തിയേറ്റർ അധികൃതർ തള്ളിക്കളയുന്നു. സിനിമയുടെ പല ഭാഗത്തായി എഡിറ്റിങ് നടന്നാൽ മുഴുവൻ സിനിമയും മാറ്റി അപ്ലോഡ് ചെയ്യേണ്ടിവരും.