പുല‍‌ർച്ചെ വന്ന് വീടിന്റെ കിടപ്പുമുറിയുടെ ജനല്‍പാളി പതിയെ തുറന്നു, ആരും ഒന്നും അറിഞ്ഞില്ല, കാളികാവിൽ 1 പവന്റെ സ്വ‌‍‍ർണാഭരണം കവ‌‍‌ർന്നു

news image
Jan 28, 2026, 12:36 pm GMT+0000 payyolionline.in

മലപ്പുറം: കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലില്‍ ജനലിലൂടെ 1 പവൻ സ്വര്‍ണാഭരണം കവര്‍ന്നു. മൂച്ചിക്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് മകളുടെ ഒരു പവന്‍ വരുന്ന കൈചെയിനാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ ജനല്‍പാളി തുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. കാളികാവ് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്തുള്ള സി.സി.ടി.വികള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സ്വര്‍ണം, പണം, റബ്ബര്‍, അടക്ക തുടങ്ങിയവയെല്ലാം കാളികാവ് പരിസരത്തുനിന്ന് മോഷണം പോയിട്ടുണ്ട്.2024 മേയ് 24ന് അമ്പലക്കടവ് പറച്ചിക്കോടന്‍ മുസ്തഫയുടെ വീട്ടില്‍നിന്ന് 45 പവന്‍, 2025 ഒക്ടോബറില്‍ കാളികാവ് അമ്പലക്കുന്നിലെ വള്ളിപ്പാടന്‍ ഷാജഹാന്റെ വീട്ടില്‍നിന്ന് മൂന്നരപവനും 75000 രൂപയും മോഷണം പോയിരുന്നത്. കഴിഞ്ഞ ആഴ്ച്ച അഞ്ചച്ചവിടി മുച്ചിക്കലിലും മോഷണം നടന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ‌നടന്നു വരികയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe