പുഷ്പ 2 പ്രീമിയർ അപകടം; ഒരു മാസത്തിനുശേഷം അല്ലു അർജുൻ എത്തി, ശ്രീതേജയെ കണ്ടു

news image
Jan 7, 2025, 7:27 am GMT+0000 payyolionline.in

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒമ്പത് വയസ്സുകാരൻ ശ്രീതേജിനെ സന്ദർശിച്ച് നടൻ അല്ലു അ‍ർജുൻ. നരഹത്യ കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് സന്ദർശനം. മസ്തിഷ്ക മരണം സംഭവിച്ച ഒമ്പത് വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

സന്ധ്യ തിയറ്ററിലുണ്ടായ അപകടത്തിൽ ശ്രീതേജിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ് അല്ലു അർജുൻ കുട്ടിയെ സന്ദർശിച്ചത്. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെലങ്കാന സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എഫ്‌ഡിസി) ചെയർമാൻ ദിൽ രാജുവും ഒപ്പമുണ്ടായിരുന്നു. നടൻ എത്തുന്നതിനു മുന്നോടിയായി ആശുപത്രിയിൽ വൻ സുരക്ഷ ക്രമീകരിച്ചിരുന്നു.

ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സന്ധ്യ തിയേറ്ററിൽ സംഘടിപ്പിച്ച പ്രീമിയർ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ശ്രീതേജ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു. യുവതിയുടെ മരണത്തിന് പിന്നാലെയാണ് അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയാണ് നരഹത്യാ കേസിൽ അല്ലു അർജുന് ജാമ്യം അനുവദിച്ചത്. നേരത്തെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ചിക്കട്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe