പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കി യുപിഎസ്‍സി; പരീക്ഷകളില്‍ നിന്ന് ആജീവനാന്ത വിലക്കുമേർപ്പെടുത്തി

news image
Jul 31, 2024, 2:50 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള പൂജ ഖേദ്കറിന്റെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കി യുപിഎസ്‍സി. ഇവരുടെ പ്രൊവിഷണൽ കാൻഡിഡേറ്റർ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപിഎസ്‍സി പരീക്ഷകൾ എഴുതുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തുകയും നടപടിക്ക് ശുപാർശ നൽകുകയും ചെയ്തിരുന്നു.

കാരണം കാണിച്ച് യുപിഎസ്‍സി നോട്ടീസ് നൽകിയെങ്കിലും മറുപടി നൽകാനുള്ള ജൂലൈ 30നും മറപടിയൊന്നും നൽകാത്തതിനെ തുടർന്നാണ് നടപടി. പൂജ ഖേദ്കര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍, 2009-2023 കാലയളവിൽ ഐഎഎസ് സ്‌ക്രീനിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയ 15,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചതായി പാനല്‍ അറിയിച്ചു. പുനെയിലെ സബ്കലക്ടറായിരുന്ന പൂജയുടെ അധികാര ദുർവിനിയോ​ഗം വാർത്തയായതിനെ തുടർന്നാണ് സംഭവങ്ങൾ പുറത്തായത്. തുടർന്ന് ഇവരെ സ്ഥലം മാറ്റുകയും ചെയ്തു. പിന്നാലെ ഇവരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുയർന്നു. തുടർന്ന്  മുസൂറിയിലെ ലാൽ ബഹാദുർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ പൂജയെ തിരിച്ചുവിളിച്ചു.

ട്രെയിനിംഗ് നിർത്തി തിരികെ എത്താനായിരുന്നു നിർദ്ദേശം. ജൂലൈ 16ന് സംസ്ഥാന സർക്കാരിനൊപ്പമുള്ള പൂജയുടെ ട്രെയിനിംഗ് അവസാനിപ്പിച്ചതായി മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗഡ്രേ വ്യക്തമാക്കിയിരുന്നു. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ. ദില്ലി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പൂജയ്ക്കെതിരെ വ്യാജ രേഖ ചമച്ചതിന് കേസ് എടുത്തിട്ടുണ്ട്. വ്യാജ വൈകല്യ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് അർഹമായതിലും കൂടുതൽ തവണ ഇവർ യുപിഎസ്സി പരീക്ഷ എഴുതിയത്.

യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ  2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വിഐപി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തൻ്റെ സ്വകാര്യ ഓഡി കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും  ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ ‘മഹാരാഷ്ട്ര സർക്കാർ’ എന്ന ബോർഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe