മേപ്പയൂർ: പൂജ നടത്തിയാൽ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര കരിമ്പനപ്പാലം സ്വദേശിയുടെ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ ശിവദാസനും ജിഷയും ചേർന്ന് ഇവരുടെ 12 ലക്ഷം രൂപയും 14 പവൻ സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. പ്രത്യേക പൂജകൾ നടത്തിയാൽ രോഗശാന്തിയും കുടുംബത്തിന് ഐശ്വര്യവും ഉണ്ടാകുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ പലപ്പോഴായി പരാതിക്കാരിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കിയത്.
വടകരയിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളാണ് തട്ടിപ്പിന് ഇരയായത്. ഇതേ സ്കൂളിലെ അധ്യാപികയാണ് പിടിയിലായ ജിഷ. രോഗശാന്തിക്ക് ശിവദാസന്റെ പൂജ ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജിഷ വഞ്ചിക്കുകയായിരുന്നു. ചോറോട് സ്വദേശിയുടെ ഭാര്യയായ ജിഷ ഭർത്താവ് മരണപ്പെട്ട ശേഷം ശിവദാസനോടൊപ്പം വടകര പുതിയാപ്പിലാണ് താമസം. പ്രിൻസിപ്പളിന്റെ ഭർത്താവ് രോഗബാധിതനാണെന്ന് അറിഞ്ഞ ജിഷ തട്ടിപ്പിന് അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.