പൂപ്പൊലി നഗരി ഇനി കാർഷിക വിസ്മയത്തിലേക്ക്; അഗ്രി-മെഷിനറി എക്സ്പോ ഏപ്രിൽ 20 മുതൽ

news image
Apr 18, 2026, 5:12 am GMT+0000 payyolionline.in

അമ്പലവയൽ: വയനാടിന്റെ കാർഷിക പാരമ്പര്യവും ആധുനിക സാങ്കേതിക വിദ്യയും കൈകോർക്കുന്ന അഗ്രി-മെഷിനറി എക്സ്പോ ഏപ്രിൽ 20-ന് പൂപ്പൊലി നഗരിയിൽ ആരംഭിക്കുന്നു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ (ആർ.എ.ആർ.എസ്.) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ കാർഷിക മേള ഒരു മാസം നീണ്ടുനിൽക്കും. അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയുടെ വിജയത്തിന് പിന്നാലെ, പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക സർവകലാശാലയുടെ മേൽനോട്ടത്തിൽ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.

​കർഷകർക്ക് കൃഷി കൂടുതൽ ലാഭകരവും എളുപ്പവുമാക്കാൻ സഹായിക്കുന്ന നൂതന കൃഷിയന്ത്രങ്ങളുടെ പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം. വിവിധ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾക്ക് പുറമെ വിദഗ്ധർ നയിക്കുന്ന കാർഷിക സെമിനാറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കാർഷിക അറിവുകൾക്കൊപ്പം സന്ദർശകർക്ക് ആസ്വദിക്കാനായി അമ്യൂസ്‌മെന്റ് പാർക്ക്, ഗോസ്റ്റ് ഹൗസ്, അലങ്കാരപ്പക്ഷികളുടെ പ്രദർശനം, ഫ്ലവർ ഷോ എന്നിവയും മേളയുടെ ഭാഗമായി ഉണ്ടാകും. വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഭക്ഷണശാലകളും വാണിജ്യ സ്റ്റാളുകളും സന്ദർശകർക്ക് വേറിട്ട അനുഭവം നൽകും.

രാവിലെ ഒൻപത് മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കടുത്ത വേനൽക്കാലത്ത് മരത്തണലിലിരുന്ന് പൂക്കളുടെ ഭംഗി ആസ്വദിക്കാനും കാർഷിക അറിവുകൾ പങ്കുവെക്കാനും ഈ മേള മികച്ചൊരു അവസരമാണെന്ന് ആർ.എ.ആർ.എസ്. മേധാവി ഡോ. വി.എം. അബ്ദുൾ ഹക്കീം പറഞ്ഞു. വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കർഷകർക്കും ഒരുപോലെ ഗുണകരമാകുന്ന ഈ മേള വൻ വിജയമായാൽ എല്ലാ വർഷവും സംഘടിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe