പൂരം കലക്കലിൽ തുടരന്വേഷണമുണ്ടായേക്കും; റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് വിട്ടു

news image
Sep 25, 2024, 7:55 am GMT+0000 payyolionline.in

തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് തുടരന്വേഷണമുണ്ടായേക്കും. മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് സൂചന നൽകിയെന്നാണ് റിപ്പോർട്ട്. നിലവിൽ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ട് ആ​ഭ്യന്തര സെക്രട്ടറിക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ശേഷം തുടരന്വേഷണത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

റിപ്പോർട്ടിൽ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങൾ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക. തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നുവെന്നുമുള്ള പരാമർശങ്ങൾ എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടത്.

എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ സി.പി.ഐ അടക്കമുള്ള മുന്നണിയിലെ ഘടകകക്ഷികൾ സമ്മർദം ശക്തമാക്കിയിരിക്കെയാണ് പൂരം അടക്കമുള്ള വിഷയങ്ങൾ തുടരന്വേഷണത്തിന് സർക്കാർ ഒരുങ്ങുന്നത്. നേരത്തെ എ.ഡി.ജി.പി ആർ.എസ്.എസ് ബന്ധത്തിൽ ​അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe