പെരിന്തൽമണ്ണ സ്റ്റാൻഡിൽ പട്ടാപ്പകൽ യുവതിയെ കയറിപ്പിടിച്ചു, ഒരു കൂസലുമില്ലാതെ മുങ്ങി; 2 മാസം, 29 കാരൻ കുടുങ്ങി

news image
Feb 5, 2024, 4:39 am GMT+0000 payyolionline.in

മലപ്പുറം: പെരിന്തൽമണ്ണയിൽ പട്ടാപ്പകൽ യുവതിയെ കയറി പിടിച്ച സംഭവത്തിൽ രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിൽ. എടത്തനാട്ടുകര പിലാച്ചോല സ്വദേശി കുളപ്പാറ വീട്ടില്‍ വിഷ്ണു (29) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ യുവതിയെ കടന്നുപിടിച്ച്‌ മാനഹാനി വരുത്തിയെന്ന കേസിലാണ് പ്രതിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

 

സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതി വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ മേഖലയിലും മറ്റും ജോലി ചെയ്യുകയായിരുന്നു. 2023 നവംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലം സ്വദേശിയായ യുവതി പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനായി ടൗണില്‍ ബസിറങ്ങി പിന്നീട് ഓട്ടോയില്‍ കയറാനായി ബസ് സ്റ്റാന്‍ഡിലൂടെ നടന്നു പോകുമ്പോഴാണ് പരസ്യമായി യുവതിയെ ഇയാള്‍ കയറി പിടിച്ചത്. യുവതി എതിർത്തതോടെ പ്രതി ഓടിമറഞ്ഞു.

 

യുവതി ആക്രമിയെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചു സമാന രൂപസാദൃശ്യമുള്ള നിരവധി പേരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് യഥാര്‍ഥ പ്രതിയിലേക്ക് എത്തിയത്.  അന്വേഷണത്തില്‍ പ്രതി  തിരുവനന്തപുരം ഭാഗത്ത് ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തി പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

 

പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവിന്‍റെ നിര്‍ദേശ പ്രകാരം എസ്‌ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ അഷ്റഫലി സീനിയര്‍ സിപിഒ ജയമണി, സിപിഒമാരായ കൃഷ്ണപ്രസാദ്, സജീര്‍, സല്‍മാന്‍, അബ്ദുല്‍ സത്താര്‍ എന്നിവരുമുണ്ടായിരുന്നു. യുവാവിനെ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള മലപ്പുറം ജെഐഫ്സിഎം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe