കൊച്ചി : പെരിയാറിലെ മത്സ്യക്കുരുതിക്ക് വിവിധ സർക്കാർ വകുപ്പുകളിൽ തമ്മിലെ ആശയക്കുഴപ്പം കാരണമായിട്ടുണ്ടോ എന്നതിലും അന്വേഷണം. പെരിയാറിലെ പാതാളം റെഗുലേറ്റർ തുറക്കുന്നതിൽ ജലസേചന വകുപ്പും പരിസ്ഥിതി നിയന്ത്രണ ബോർഡും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് കർഷകരുടെ ആരോപണം. ഫോർട്ട് കൊച്ചി സബ് കളക്ടറും, ഫിഷറീസ് വകുപ്പും, ഫിഷറീസ് സർവ്വകലാശാലയും മത്സ്യക്കുരുതിയിൽ അന്വേഷണം തുടങ്ങി.
പാതാളം മുതൽ കൊച്ചിയുടെ കായൽപരിസരമെല്ലാം മത്സ്യങ്ങളുടെ ശവപ്പറമ്പാക്കിയ സംഭവം. മത്സ്യ കർഷകരെയും,വ്യവസായ സ്ഥാപനങ്ങളെയും വിവിധ സർക്കാർ വകുപ്പുകളെയും കണ്ട് രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകുമെന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ. രാസമാലിന്യം ഒഴുക്കി വിട്ട സമയത്ത് പാതാളം റെഗുലേറ്ററിന്‍റെ ചുമതലയുള്ള ജലസേചന വകുപ്പിനെ പരിസ്ഥിതി നിയന്ത്രണ ബോർഡ് വിവരം അറിയിച്ചില്ലെന്ന പരാതിയും അന്വേഷിക്കും.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ദുരന്തബാധിത മേഖലയിലെത്തി. നഷ്ടപരിഹാരത്തിനുള്ള നടപടികൾക്ക് തുടക്കമിട്ടും. വിശദമായ പരിശോധനകൾ നടത്തി ഉത്തരവാദികളെ ശാസ്ത്രീയമായി കണ്ടെത്തുമെന്ന് കുഫോസ് വ്യക്തമാക്കി. നേരത്തെ ഉന്നയിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം വൈകിയതാണ് ഈ മനുഷ്യനിർമ്മിത ദുരന്തം വരുത്തി വച്ചതെന്ന് കർഷകർ. ഇനിയെങ്കിലും സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിൽ ആത്മാർത്ഥ ഉണ്ടാകണമെന്നാണ് ആവശ്യം.