പെരിയാറിലെ മത്സ്യക്കുരുതി; വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കള്‍, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

news image
May 25, 2024, 10:03 am GMT+0000 payyolionline.in

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി.

ഇതിനിടെ, പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് മന്ത്രി പി.രാജീവന്‍റെ വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് വഴിയില്‍ ത‍ടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചു.അതേസമയം, മത്സ്യങ്ങള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കർഷകന്‍റെ  പരാതിയിൽ പോലീസ് കേസെടുത്തു. സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പൊലീസിന്‍റെ  നടപടി. എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. 7.5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കര്‍ഷകന്‍റെ പരാതി. ഇതിന് കാരണകരായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്നാണ് പിസിബി വിലയിരുത്തൽ. രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌. അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി. സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ ആണ് നിയമിച്ചത്.

മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ  ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe