പെരിയ കൊലക്കേസിലെ നാല് പ്രതികൾ പുറത്തിറങ്ങി; രക്തഹാരം അണിയിച്ച് സ്വീകരിച്ച് സി.പി.എം നേതാക്കൾ

news image
Jan 9, 2025, 4:19 am GMT+0000 payyolionline.in

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷ മരവിപ്പിച്ച നാല് പ്രതികൾ ജയിലിൽനിന്ന് പുറത്തിറങ്ങി. 20ാം പ്രതി ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരാണ് സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളായ എം.വി. ജയരാജരൻ, പി. ജയരാജൻ ഉൾപ്പടെയുള്ളവർ എത്തി രക്തഹാരം അണിയിച്ച് നാലുപേരെയും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഹൈകോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചതോടെയാണ് ഇവർക്ക് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുങ്ങിയത്.

രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം ​തെളിഞ്ഞെന്ന്​ കണ്ടെത്തിയാണ്​ ഇവർക്ക്​ ​കൊച്ചിയിലെ സി.ബി.ഐ സ്​പെഷൽ കോടതി അഞ്ച്​ വർഷത്തെ തടവ്​ വിധിച്ചത്​. എന്നാൽ, സി.ബി.ഐ കോടതിയുടെ വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നും തെളിവുകളും സാഹചര്യങ്ങളും ശരിയായവിധം വിലയിരുത്താതെയാണ്​ ശിക്ഷ വിധിച്ചതെന്നുമാണ്​ അപ്പീൽ ഹരജിയിലെ വാദം.

അഞ്ചുവർഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. അതു​വരെ ശിക്ഷ സസ്​പെൻഡ്​ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അപ്പീലുകൾ ഫയലിൽ സ്വീകരിച്ച കോടതി, തുടർന്നാണ്​ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്​. അപ്പീൽഹരജി തീർപ്പാകാൻ സാധ്യതയില്ലെന്ന്​ കരുതുന്ന കാലയളവിനേക്കാൾ കുറഞ്ഞ കാലത്തെ തടവുശിക്ഷ വിധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്​. അതുൽ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്​. സമാന സാഹചര്യമാണ്​ ഈ കേസിലെന്നും ഈ രീതിയിൽ മാറ്റംവരുത്തേണ്ട പ്രത്യേക സാഹചര്യമൊന്നും കാണുന്നില്ലെന്നും​ വ്യക്തമാക്കിയ കോടതി, തുടർന്നാണ്​ ശിക്ഷ സസ്​പെൻഡ്​ ചെയ്ത്​ ഉത്തരവിട്ടത്​.

50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ്​ രണ്ടുപേരുടെയും ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ്​ ജാമ്യം അനുവദിച്ചത്. പിഴത്തുക ബന്ധപ്പെട്ട കോടതിയിൽ കെട്ടിവെക്കണം. പ്രതികളുടെ അപ്പീലിൽ കോടതി പിന്നീട് വിശദ വാദം കേൾക്കും.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe