പെരുമാറ്റ ചട്ട ലംഘനം; മോദിക്കെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ്

news image
Mar 19, 2024, 5:30 am GMT+0000 payyolionline.in

കൊൽക്കത്ത: മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു എന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്(ടി.എം.സി). വാരാണസിയിലെ ബി.ജെ.പി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് പരാതി.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം മാർച്ച് 16നാണ് തന്‍റെ സർക്കാറിന്‍റെ പരിപാടികൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രിയുടെ സന്ദേശം വോട്ടർമാരിൽ എത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് അയച്ച കത്തിൽ ടി.എം.സി രാജ്യസഭാ എം.പി ഡെറിക് ഒബ്രിയൻ പറഞ്ഞു.

“പ്രധാനമന്ത്രിയുടെ ഓഫിസ് ഉപയോഗിച്ച്, ഇന്ത്യൻ സർക്കാർ അയച്ചതായി തോന്നുന്ന ഒരു സന്ദേശത്തിന്‍റെ മറവിൽ പൊതു ഖജനാവിന്‍റെ ചിലവിൽ ബി.ജെ.പി കത്ത് പുറത്തിറക്കി. ബി.ജെ.പിക്കും മോദിക്കും അനുകൂലമായുള്ള വോട്ട് അഭ്യർഥനയല്ലാതെ ഇത് മറ്റൊന്നുമല്ല. ഇത്തരം വ്യാപകമായ പ്രചരണം വഴി തെരഞ്ഞെടുപ്പ് കമീഷന്‍റെ ഉത്തരവുകൾ ലംഘിക്കുകയാണ് -ഒബ്രിയൻ പരാതിയിൽ പറഞ്ഞു.

കത്ത് പിൻവലിക്കാനും പൊതു ഖജനാവിന്‍റെ ചെലവിൽ ഭാവി പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ബി.ജെ.പിക്കും അവരുടെ സ്ഥാനാർഥി മോദിക്കും ഉചിതമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചു. പ്രധാനമന്ത്രിയുടെ കത്ത് വോട്ടർമാർക്ക് അയച്ചതിനുള്ള ചെലവ് ബി.ജെ.പി.യുടെയും മോദിയുടെയും തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe