പെരുമ്പാവൂർ എംസി റോഡിൽ ഇന്നും വാഹനാപകടം; ടോറസ് ഇടിച്ച്‌ അച്ഛനും മകളും മരിച്ചു

news image
Apr 3, 2024, 5:15 am GMT+0000 payyolionline.in
പെരുമ്പാവൂർ: എം സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനാപകടം. ടോറസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലസ്സി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ് അപകടം.

താന്നിപ്പുഴ പള്ളിക്ക് മുൻവശത്തായിരുന്നു സംഭവം. ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ്
വാഹനങ്ങൾ നിന്നത്. നഴ്‌സിംഗ് വിദ്യാർത്ഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. ബ്ലസ്സി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എൽദോസിനെ ആശുപ്രതിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

 

പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി. എൽദോ പാലക്കാട് കൃഷി വകുപ്പിൽ അസിസ്റ്റന്റ് ആണ്.

 

ചൊവ്വാഴ്‌ച എംസി റോഡ്‌ പുല്ലുവഴിയിൽ ഉണ്ടായ അപകടത്തിൽ മലയാറ്റൂർ വളാഞ്ചേരി വി കെ സദൻ (54) മരിച്ചിരുന്നു. യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe