കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂർ പ്രദേശത്ത് വീണ്ടും തെരുവുനായകളുടെ അക്രമണം. ബുധനാഴ്ചയുണ്ടായ അക്രമണത്തിനു പിന്നാലെ വ്യാഴാഴ്ച രാവിലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. പെരുവട്ടൂർ അറുവയൽ കാഞ്ഞിരക്കണ്ടി വിജയലക്ഷ്മി(48), ഇവരുടെ മകൾ രചന രമേശ്(21) മകളുടെ മകൻ ധ്രുവിൻ ദക്ഷ്, മുബാറക് എന്നിവർക്കാണ് കടിയേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെ വിട്ടുമുറ്റത്ത് നിന്നാണ് എല്ലാവർക്കും കടിയേറ്റത്. രചനയ്ക്കും വിജയലക്ഷ്മിയ്ക്കും കാലിനാണ് കടിയേറ്റത്. രണ്ട് വയസ്സുള്ള കുട്ടിയുടെ നെറ്റിയ്ക്കും മുക്കിനും പരിക്കേറ്റിട്ടുണ്ട്.
നായ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താനായി എത്തിയ മുബാറക് എന്നയാൾക്കും കൈയ്ക്ക് കടിയേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ വീട്ടിൽ ജോലിയ്ക്കായി എത്തിയതായിരുന്നു. നായയെ ഓടിക്കുന്നതിനിടയിലാണ് ഇയാൾക്ക് കൈയ്ക്ക് കടിയേറ്റത്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെയും നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യൻ എന്നിവരെയാണ് നായ കുടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് സത്യനെ നായ അക്രമിച്ചത്. കാലിന് പരിക്കേറ്റ സത്യൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.