കോഴിക്കോട്∙ പെരുവണ്ണാമൂഴിയിലെ നിർദിഷ്ട കടുവ സഫാരി പാർക്കിനു മുന്നിൽ സുപ്രീം കോടതി അനുമതി എന്ന വലിയ കടമ്പ കൂടി കടന്നുവരുന്നു. തങ്ങളുടെ അനുമതി ഇല്ലാതെ രാജ്യത്ത് പുതിയ മൃഗശാലകളോ വന സഫാരികളോ പാടില്ലെന്ന് ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയതോടെയാണ് സംസ്ഥാന വനം വകുപ്പിനു മുന്നിൽ പുതിയ വെല്ലുവിളി വരുന്നത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കടുവ സംരക്ഷണ അതോറിറ്റിയുടെയും മൃഗശാല അതോറിറ്റിയുടെയും അനുമതിക്കു പുറമേ ഇനി സുപ്രീം കോടതിയുടെ അനുമതി കൂടി സംസ്ഥാനത്തിനു തേടേണ്ടി വരും. അല്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകാൻ ആവില്ലെന്ന് വനം വകുപ്പ് വൃത്തങ്ങൾ തന്നെ വ്യക്തമാക്കി.
വനസംരക്ഷണ നിയമത്തിൽ കഴിഞ്ഞ വർഷത്തെ ഭേദഗതികൾ പരിശോധിക്കവെയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർണായക ഉത്തരവിട്ടത്. ഭേദഗതിയിൽ രാജ്യത്തെ 1.99 ലക്ഷം ചതുരശ്ര കിലോമീറ്റർ വനമല്ലാതായി മാറിയിരുന്നു. ഈ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന ഭേദഗതിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പരിശോധനയ്ക്കിടെയാണ് പുതിയ മൃഗശാലകളും വന സഫാരിയും കോടതി അനുമതിയോടെ മാത്രമേ പാടുള്ളൂ എന്നു വ്യക്തമാക്കിയത്. മലബാർ വന്യജീവി സങ്കേതത്തോടു ചേർന്നു കിടക്കുന്ന സ്ഥലമാണ് നിർദിഷ്ട കടുവ സഫാരി പാർക്കിനായി കണ്ടെത്തിയിരിക്കുന്നത്.
മുൻപ് വനമായിരുന്ന ഭൂമി പ്ലാന്റേഷൻ കോർപറേഷന് റബർ കൃഷിക്കായി പാട്ടത്തിനു നൽകിയതാണ്. പാട്ടക്കാലാവധി കഴിഞ്ഞ 120 ഹെക്ടർ ഭൂമി തിരിച്ചെടുത്ത്, വേലി കെട്ടിത്തിരിച്ച് കടുവകളെ അതിനകത്തു തുറന്നു വിടാനും കവചിത വാഹനത്തിൽ വിനോദസഞ്ചാരികൾക്ക് സഫാരി ഒരുക്കാനുമാണ് പദ്ധതി. ഈ ഭൂമി നിലവിൽ വനം അല്ല എന്നാണ് സർക്കാർ നിലപാട്.കഴിഞ്ഞ ബജറ്റിൽ പദ്ധതി ഇടംപിടിച്ചതോടെ വിശദ പഠന റിപ്പോർട്ട് തയാറാക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. ഭൂമിയുടെ സർവേ പൂർത്തീകരിച്ചു കഴിഞ്ഞു. സ്പെഷൽ ഓഫിസറായി കെ.കെ.സുനിൽകുമാറിനെ നിയമിച്ചു.
ഡിപിആർ തയാറാക്കിയ ശേഷം വേണം വനം മന്ത്രാലയം, കടുവ സംരക്ഷണ അതോറിറ്റി, മൃഗശാല അതോറിറ്റി എന്നിവയുടെ അനുമതിക്ക് അയയ്ക്കാൻ.ഈ അനുമതികൾ കിട്ടണമെങ്കിൽ തന്നെ വലിയ കടമ്പകൾ ഉണ്ട്. അതിനു പുറമേയാണ് ഇപ്പോൾ സുപ്രീം കോടതിയുടെയും നിർദേശം വന്നത്. ഓരോ പദ്ധതിയും പ്രത്യേകമായി പരിഗണിച്ച് അപേക്ഷ സമർപ്പിക്കണം എന്ന നിർദേശംകൂടി ഉള്ളതിനാൽ ഇക്കാര്യത്തിൽ പൊതു ഉത്തരവുകൾ ഉണ്ടാവില്ലെന്നും വ്യക്തമാണെന്ന് വനം ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.