പെരുവണ്ണാമൂഴി : ടൂറിസം കേന്ദ്രത്തിൽ തേൻമ്യൂസിയം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. സിഎംഐ സഭയുടെ സാമൂഹികസേവനവിഭാഗമായ സെയ്ന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ സർവീസ് (സ്റ്റാർസ്) ആണ് മ്യൂസിയം ഒരുക്കിയത്.
നബാർഡിന്റെ സാമ്പത്തികസഹായത്തോടെയും ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിന്റെ പിന്തുണയോടെയുമുള്ള സ്റ്റാർസ് ഹണി വാലി പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുക. തേനിന്റെയും തേൻ ഉത്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷനായി. ഷാഫി പറമ്പിൽ എംപി ഹണിവാലി കൗണ്ടർ ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റാർസ് പ്രസിഡന്റ് ഫാ. ഡോ. ബിജു ജോൺ മുഖ്യപ്രഭാഷണം നടത്തി. കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് വിതരണം റൂബി ജോസഫ് കൊമ്മറ്റത്തിന് നൽകി കുറ്റ്യാടി ജലസേചനപദ്ധതി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബിജുവും ലോഗോപ്രകാശനം നബാർഡ് ജില്ല ഡിവലപ്‌മെന്റ് മാനേജർ വി. രാഗേഷും നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, സ്റ്റാർസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോസ് പ്രകാശ്, ഹണിവാലി പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കെ.ഡി. തോമസ് തുടങ്ങിയവർ സംസാരിച്ചു.