പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അമ്മ സാക്ഷി; വാളയാർ കേസിൽ കുറ്റപത്രം

news image
Feb 7, 2025, 12:14 pm GMT+0000 payyolionline.in

കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. മക്കളുടെ മുന്നിൽ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്.

13ഉം, 9ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയിൽ വീട്ടിലെ ഒറ്റമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തൽ. അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികൾക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തൽ. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലെ വിശദാംശങ്ങൾ രണ്ട് പെൺകുഞ്ഞുങ്ങൾ നേരിട്ട ക്രൂരമായ ദുരിതപർവ്വമാണ് വിവരിക്കുന്നത്.

കുട്ടികളുടെ അമ്മ മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇളയ കുട്ടിയെ ഒന്നാം പ്രതി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ഈ അമ്മ തന്നെ സാക്ഷിയാണ്. മൂത്തമകളുടെ മരണത്തിന് കാരണക്കാരൻ ഒന്നാം പ്രതിയാണെന്ന് അറിഞ്ഞിട്ടും ഇളയമകളെയും ക്രൂരതയ്ക്ക് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളിൽ ഒന്നാം പ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മദ്യം വിളമ്പി മൂത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സൗകര്യം ഒരുക്കി നൽകി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് സിബിഐ കുറ്റപത്രം. ഇളയ കുട്ടിക്ക് അച്ഛനാണ് ഇയാൾ. മൂത്തകുട്ടിയുടെ രണ്ടാനച്ഛനും. 2016ഏപ്രിലിൽ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കൺമുന്നിൽ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ ഹീനകൃത്യം കണ്ട് നിന്നു. പൊലീസ് അന്വേഷണത്തിൽ മാതാപിതാക്കൾ മറച്ച് വെച്ച ഈ കാര്യങ്ങളാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പതിനൊന്നുകാരിയായ മൂത്ത കുട്ടി 2017 ജനുവരി 13നും, ഒമ്പത് വയസുകാരിയായ ഇളയ കുഞ്ഞിനെ അതേ വർഷം മാർച്ച് നാലിനും ആണ് സ്വന്തം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം വീഴ്ചയെന്ന് ആരോപിച്ച വാളയാറിലെ അമ്മയുടെ നേതൃത്വത്തിൽ വലിയ സമരപരമ്പരകളാണ് നടന്നിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe