തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വെടിയേറ്റ് വരെ പെൺകുട്ടികൾ കൊല്ലപ്പെടുന്ന നാടായി പിണറായി വിജയൻ കേരളത്തെ മാറ്റിയെന്ന് സുധാകരൻ ആരോപിച്ചു. കേരളത്തിലെ പെൺകുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഇപ്പോൾ ഉള്ളത്? ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും ഇവിടെ നിത്യ സംഭവങ്ങളാണ്. പലതിലും പ്രതികൾക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്നത് പൊലീസും സിപിഎമ്മും സർക്കാരുമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്‍റെ പ്രതികരണം.
പിണറായി വിജയനെന്ന വ്യക്തിയും, കമ്മ്യൂണിസമെന്ന തീവ്രവാദ പ്രത്യയശാസ്ത്രവും ഇനിയൊരിക്കലും ഈ മലയാള മണ്ണിൽ ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമയാണ്. നാളെകളിൽ കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരായി ജീവിക്കണമെങ്കിൽ സിപിഎം എന്ന ക്രിമിനൽ-ലഹരി -മാഫിയ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയണം. കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റിയതിൽ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ കൊന്ന 7 വർഷങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡോ. വന്ദനയുടെ അച്ഛനെ സന്ദർശിച്ചു. ഒരുപാട് നേരം അദ്ദേഹത്തെ കേട്ടിരുന്നു… ഉണ്ടായിരുന്ന ഏക മകളെ പഠിപ്പിച്ചു വളർത്തി ഇതുവരെ എത്തിച്ച മാതാപിതാക്കൾക്ക്, അവളുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്ന ദുരവസ്ഥയെക്കാൾ വലിയ വേദന മറ്റൊന്നുമില്ല. ഇനിയൊരു അച്ഛനും അമ്മയ്ക്കും തങ്ങളുടെ ഗതികേട് വരരുതെന്ന് ദൈന്യമായി പറയുന്നുണ്ട് ആ രക്ഷിതാക്കൾ. പക്ഷെ അത് കേൾക്കുന്ന, അതിന് മറുപടി പറയുന്നൊരു ഭരണകൂടം ഇന്നാട്ടിലുണ്ടോ? കൊല്ലപ്പെട്ട ദിവസം തന്നെ ആ കുട്ടിയെ അപമാനിച്ച ക്രൂരയായൊരു ആരോഗ്യ മന്ത്രിയെ നമ്മൾ കണ്ടു. ഒരു തരത്തിലും ഭരണകൂട സംവിധാനത്തിന്റെ വീഴ്ച്ച സമ്മതിക്കാത്ത പരാജിതനായ മുഖ്യമന്ത്രിയെയും കണ്ടു. ഉളുപ്പില്ലായ്മയുടെ പര്യായമായി മാറിയ പരാജിത മുഖ്യനോട് ഒരച്ഛനെന്ന നിലയിൽ, രോഷത്തോടെ തന്നെ ഞാൻ ചോദിച്ചു കൊള്ളട്ടെ….. സ്വർണവും ഡോളറും കടത്താതെ, അന്തസ്സായി ആ പെൺകുഞ്ഞിനെ ഇത്രയും വർഷം പോറ്റി വളർത്തിയ വന്ദനയുടെ രക്ഷിതാക്കളോട് എന്ത് മറുപടിയാണ് താങ്കൾക്ക് പറയാനുള്ളത്?
കേരളത്തിലെ പെൺകുട്ടികൾക്ക് എന്ത് സുരക്ഷയാണ് ഇപ്പോൾ ഉള്ളത്? ക്രൂരമായ പീഡനങ്ങളും കൊലപാതകങ്ങളും ഇവിടെ നിത്യ സംഭവങ്ങളാണ്. പലതിലും പ്രതികൾക്ക് വേണ്ടി ശക്തമായി നിലകൊള്ളുന്നത് പൊലീസും സിപിഎമ്മും സർക്കാരുമാണ്. വെടിയേറ്റ് വരെ പെൺകുട്ടികൾ കൊല്ലപ്പെടുന്ന നാടായി പിണറായി വിജയൻ കേരളത്തെ മാറ്റി. കുറച്ചു പിന്നിലേക്ക് കണ്ണോടിച്ചാൽ കേരളത്തിന്റെ മനസ്സാക്ഷിയുടെ മുന്നിൽ രണ്ടു കുഞ്ഞുടുപ്പുകൾ തൂങ്ങിയാടുന്നുണ്ട്. വാളയാറിലെ അട്ടപ്പള്ളം എന്ന ഗ്രാമത്തിൽ കൊല്ലപ്പെട്ട ആ 2 പെൺകുഞ്ഞുങ്ങളെ നമുക്ക് മറക്കാനാകുമോ? സർക്കാരിനോടുള്ള പ്രതിഷേധമറിയിക്കാൻ അവരുടെ അമ്മയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യം പോലും ഉണ്ടായ ശപിക്കപ്പെട്ട നാടാണ് കേരളം. സ്വന്തം മക്കളുടെ ക്രൂര കൊലപാതകത്തിൽ, അവരുടെ അമ്മയെ പ്രതി സ്ഥാനത്ത് നിർത്തി ആഘോഷിച്ച ക്രൂരതയുടെ പേരാണ് സിപിഎം.
പിണറായി വിജയനെന്ന വ്യക്തിയും, കമ്മ്യൂണിസമെന്ന തീവ്രവാദ പ്രത്യയശാസ്ത്രവും ഇനിയൊരിക്കലും ഈ മലയാള മണ്ണിൽ ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ കടമയാണ്. നാളെകളിൽ കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരായി ജീവിക്കണമെങ്കിൽ സിപിഎം എന്ന ക്രിമിനൽ- ലഹരി – മാഫിയ പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയണം. വന്ദനയുടെ അച്ഛന്റെ കണ്ണുനീരിനെ സാക്ഷി നിർത്തി പറയട്ടെ… കേരളത്തിന് വേണ്ടി, ഇന്നാട്ടിലെ പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി. ഈ നശിച്ച ഭരണകൂടത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകർത്തെറിയുക തന്നെ ചെയ്യും. കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റിയതിൽ ജനങ്ങളുടെ പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുന്നു.
#കേരളത്തെ_കൊന്ന_7വർഷങ്ങൾ