ചാലക്കുടി: ജോലി കഴിഞ്ഞ് മടങ്ങാൻ നിന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കറുകുറ്റി തേർകൂട്ടം വീട്ടിൽ അക്ഷയ് (25) എന്നയാളെയാണ് ആണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെന്നേർക്കര ചെറുതുരുത്തിൽ പുത്തൻപുര വടക്കേതിൽ ജോബിൻ തോമസ് (24) എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഞായറാഴ്ച രാത്രി പത്തോടെ ചാലക്കുടി ടൗണിലായിരുന്നു സംഭവം. ചാലക്കുടിയിലെ ഒരു സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടുകാരെ കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം സ്ഥലത്തെത്തിയ അക്ഷയ് ശല്യം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് കണ്ട് ജോബിൻ തോമസ് അക്രമം തടയാൻ ഇടപെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ അക്ഷയ് കൈവശം കരുതിയിരുന്ന കമ്പി പോലുള്ള മാരകായുധം ഉപയോഗിച്ച് ജോബിനെ കുത്തുകയായിരുന്നു. ജോബിന്റെ വയറിന്റെ ഇടതുവശത്താണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോബിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടി എസ്.എച്ച്.ഒ എം.കെ. സജീവ്, എസ്.ഐമാരായ അജിത്ത്, ലാലു, ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ ജിജോ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
