പേരാമ്പ്ര: പേരാമ്പ്ര വിളയാട്ടുകണ്ടി മുക്കില്‍ ഭാര്യപിതാവിനേയും സഹോദരനേയും ആക്രമിച്ച യുവാവ് ഭാര്യയേയും മകനേയും ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യയും മകനും സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞത്. ഞായറാഴ്ച ഇവിടെയെത്തിയ ഇയാള്‍ മകനെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചത് തടഞ്ഞതോടെ ഭാര്യപിതാവിനേയും സഹോദരനേയും കത്തിയെടുത്ത് കുത്തുകയായിരുന്നു.
കൈപ്പാംകണ്ടി സൂപ്പി, ഇയാളുടെ മൂത്ത സഹോദരന് ഹമീദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സൂപ്പിയുടെ മകളുടെ ഭര്‍ത്താവായ മുതുവണ്ണാച്ചയിലെ കൊടുമയില്‍ മുഹമ്മദലിയാണ് (35) ആക്രമിച്ചത്. വയറ്റില്‍ കുത്തേറ്റ് കുടല്‍മാല പുറത്തായ നിലയിലാണ് ഹമീദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സൂപ്പയുടെ കാലിനാണ് കുത്തേറ്റത്.
ഗള്‍ഫിലായിരുന്ന മുഹമ്മദലി കുറച്ചുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യാപിതാവിനേയും സഹോദരനേയും ആക്രമിച്ചശേഷം ഇയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. പ്രതിയ്ക്കായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
