പേരാമ്പ്രയിൽ തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പോസ്റ്റ്‍മോർട്ടം പൂർത്തിയായി, സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

news image
Mar 13, 2024, 3:32 pm GMT+0000 payyolionline.in

പേരാമ്പ്ര : നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ. അർധനഗ്നമായി, ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാലുതെന്നി വെള്ളത്തില്‍ വീണതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അനുവിന‍്റെ ബന്ധുവായ ദാമോദരൻ പറഞ്ഞു. ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായത്. മുങ്ങി മരണമെന്നും ബലാത്സംഗശ്രമത്തിന്‍റെ ലക്ഷണങ്ങളോ അത്തരം മുറിവുകളോ ദേഹത്തില്ലെന്നുമാണ് കണ്ടെത്തൽ.

 

എന്നാൽ കാലുതെന്നി വെള്ളത്തിൽ വീണതാകാമെന്ന സാധ്യതയെ പാടെ തള്ളിക്കളയുകയാണ് അനുവിന്റെ ബന്ധുക്കൾ. മുട്ടിന് താഴെ മാത്രമാണ് തോട്ടിൽ വെള്ളമുണ്ടായിരുന്നത്. ദേഹത്തുണ്ടായിരുന്ന ചെയിനും പാദസരവുമടക്കമുള്ള ആഭരണങ്ങളെവിടെയെന്നതുമാണ് ദുരൂഹത കൂട്ടുന്നത്. തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിയ അനുവിനെ കാണാതായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് പുല്ലരിയാനെത്തിയവർ അല്ലിയോറത്തോട്ടിൽ അർധനഗ്നയായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തോടിന് സമീപത്ത് നിന്ന് അനുവിന്‍റെ പഴ്സും മൊബൈൽ ഫോണും ചെരിപ്പുകളും കണ്ടെടുത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe