പേരാമ്പ്ര : വാഹനങ്ങള്‍ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുക എന്നത് വളരെ സന്തോഷമുളള കാര്യമാണ്. ചിലര്‍ അതിനായ് ലക്ഷങ്ങള്‍ മുടക്കും. പല പ്രമുഖരും തങ്ങളുടെ എല്ലാ വാഹനങ്ങള്‍ക്കും ഇഷ്ട നമ്പര്‍ ലഭിക്കാനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ലേലത്തില്‍ പങ്കെടുത്ത് നമ്പര്‍ കരസ്ഥമാക്കും.
പേരാമ്പ്രയില്‍ ഒരു യുവതി ഫാന്‍സി നമ്പറിനായി ചെലവഴിച്ചത് 10, 10, 000 രൂപ. കെ എല്‍ 77 ഇ 7777 എന്ന ഫാന്‍സി നമ്പറിനാണ് ഇത്രയും തുക ചെലവഴിച്ചത്. പേരാമ്പ്ര ജോയിന്റ് ആര്‍ടി ഓഫീസ് നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ സംഖ്യക്ക് വാഹന നമ്പര്‍ ലേലം പോവുന്നത്.
കുറ്റ്യാടി സ്വദേശിനി സഫ്നയാണ് തന്റെ പുതിയ ഇന്നോവ ക്രിസ്റ്റക്കായി ഫാന്‍സി നമ്പര്‍ കൈക്കലാക്കിയത്. പേരാമ്പ്രയിലെ ജിതിന് രുദ്ര മുഖാന്തിരമാണ് സഫ്ന ലേലത്തില്‍ പങ്കെടുത്തത്. സഫ്നയെ കൂടാതെ 3 ഓളം പേര് ലേലത്തിന്റെ അവസാന ഘട്ടം വരെ ഉണ്ടായിരുന്നു.
ചലച്ചിത്ര പിന്നണി ഗായകന് എം.ജി ശ്രീകുമാറിൻ്റെ വാഹനത്തിന് വേണ്ടിയടക്കം ഈ നമ്പറിനായി ലേലത്തില്‍ പങ്കെടുത്തിരുന്നു. പേരാമ്പ്രയില്‍ ഇത്രയും വലിയ തുകക്ക് ഒരു നമ്പര്‍ ലേലത്തില്‍ പോവുന്നത് ആദ്യമായാണ്. ഇതിന് മുമ്പ് നടന്ന കൂടിയ ലേല തുക 3, 60, 000 ആയിരുന്നു. അന്ന് ഈ തുകക്ക് കെ എല്‍ 77 ഡി 7777 എന്ന നമ്പര്‍ നേടിയത് എം.ജി ശ്രീകുമാറിൻ്റെ വാഹനത്തിനായിരുന്നു.