പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. ഇന്ന് വൈകുന്നേരം 4.15 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്കുണ്ടായിരുന്ന ഒമേഗ ബസാണ് സ്കൂട്ടിയിലിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്.
പേരാമ്പ്രയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നുണ്ടെന്നാണ് നാട്ടുകാരുടെ പ്രതിഷേധം. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനാകാതെ പോകുന്നതാണ് അപകടങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി പേർ ഇവിടെ വാഹനാപകടങ്ങളിൽ മരണമടഞ്ഞതായും, നിരവധി പേർ പരിക്കേറ്റ് ചികിത്സയിലുമാണെന്നും നാട്ടുകാർ പറയുന്നു.
പോലീസിന്റെയും ഗതാഗത വകുപ്പിന്റെയും അപര്യാപ്തമായ നിയന്ത്രണമാണ് ഇതിന് കാരണമെന്ന് ആരോപണമുണ്ട്. ശാസ്ത്രീയമായ ഇടപെടൽ ആവശ്യമാണെന്നും ആവർത്തിച്ച് നടക്കുന്ന അപകടങ്ങൾ തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഈ റൂട്ടിൽ നാട്ടുകാർ വാഹനം തടഞ്ഞു പ്രതിഷേധിക്കുന്നു.